Monday, 5 August 2019

ഇതിഹാസ ഭൂമിയിൽ... 
-----------------------------------
#khasaakk
#palakkad
കൂമൻകാവങ്ങാടിയിൽ ബൈക്കടുപ്പിച്ചപ്പോൾ അപരിചിതത്വം തെല്ലും തോന്നിയില്ല. എന്നെങ്കിലും ഒരിക്കൽ ഇവിടെ എത്തിച്ചേരുമെന്ന് മുന്നേ കരുതിയതാണ്. വരും വരായകളുടെ അതേ ഓർമ്മകൾ തന്നെ.
വഴിയമ്പലത്തിനരികിൽ ബൈക്ക് നിർത്തി റോഡിന് എതിർവശത്തുള്ള സർബത്തു കട ലക്ഷ്യമാക്കി നടന്നു. രാമശേരിയിൽ നിന്ന് വയറു നിറയെ ഇഡ്ഡലിയുമടിച്ചു കൊണ്ടുള്ള വരവാണ്.വിശപ്പ് തെല്ലുമില്ല, ദാഹവും.
എങ്കിലും കൂമങ്കാവങ്ങാടിയിൽ ആദ്യമായി വണ്ടിയിറങ്ങി ഒരു സർബത്തു കുടിക്കാതെ ഖസാക്കിലേക്ക് പോകുന്നതെങ്ങനെ.. !
"ചേട്ടാ.. ഒരു സർബത്തു "
"ഐസുണ്ടോ? "
"ആ തണുപ്പുണ്ട് "
"ഉണ്ടോ!"
"ആ ഉണ്ടെന്നു "
കളഞ്ഞു..,
ആ സർബത്തു കടക്കാരൻ ഐസുണ്ടോ എന്ന് ചോദിക്കുമ്പോൾ 'ഐസില്ല, പകരം വെള്ളത്തിന് ഐസിനെക്കാൾ തണുപ്പാണ് ' എന്നു പറയുമെന്നും സർബത്തു കുടിച്ചു തീർക്കുന്നതിനിടയിൽ എന്റെ പേര് വിവരങ്ങളും ആഗമനോദ്ദേശവും വിശദമായി ചോദിച്ചു മനസ്സിലാക്കുമെന്നും ഞാൻ വെറുതെ ആശിച്ചു.
എവിടെ, ആ കടക്കാരൻ സർബത്തു തന്നു മറ്റു ജോലികളിലേക്ക് പോയി.
സർബത്തു കുടിച്ചു കൊണ്ട് കൂമങ്കാവങ്ങാടിയുടെ ഏകദേശ ചിത്രം ഞാൻ മനസ്സിലാക്കി.ഇന്നിവിടം ബസ് റൂട്ടിന്റെ അവസാനമൊന്നുമല്ല.പാലക്കാട് നിന്നും, തിരിച്ചു പാലക്കാടേക്കും ഇടവിട്ട് ബസുകൾ ഇതിലൂടെ ചീറി പാഞ്ഞു കൊണ്ടിരിക്കുന്നു.കടയുടെ നേരെ എതിർവശത്തായി റോഡിനപ്പുറം ഒരു മുത്തശ്ശി മരം നിൽപ്പുണ്ട്. അവിടം നാലഞ്ചു ഏറുമാടങ്ങൾ നിൽക്കുന്നതായി ഞാൻ വെറുതെ സങ്കൽപ്പിച്ചു.
വഴിയമ്പലത്തിനു സമാന്തരമായി ഒരു കനാൽ ഖസാക്കിലേക്ക് പോകുന്നുണ്ട്, അതിനടുത്തായി വഴി യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കുറച്ചു ഇരിപ്പിടങ്ങളും.
സർബത്തു കുടി കഴിഞ്ഞു ബൈക്കെടുത്തു ഖസാക്ക് ലക്ഷ്യമാക്കി നീങ്ങി.കണ്മുന്നിലേക്കെത്തുന്ന ഓരോ ആളിലും ഖസാക്കിലെ ഓരോ കഥാപാത്രത്തെ ഞാൻ കണ്ടു. കരിമ്പനകൾക്കരികിൽ ക്ഷീണിതനായി വിശ്രമിക്കുന്ന കുട്ടാടൻ പൂശാരി, ബൈക്കിനു നേരെ കൈവീശി കാണിച്ച അപ്പുക്കിളി, പാടത്തു നിന്ന് പുല്ലരിയുന്ന ചാന്തുമ്മ, ഉമ്മറത്തിരുന്നു കളിച്ചു കൊണ്ടിരിക്കുന്ന കരുവും കാസിമും കുഞ്ഞാമിനയും, അവരോട് വഴക്ക് കൂടുന്ന മൈമൂന...
അങ്ങനെ...അങ്ങനെ.. അങ്ങനെ..
ഈ സ്വപ്ന യാത്ര ഖസാക്കിലേക്കെത്താൻ ഇനിയും സമയമെടുക്കും, അപ്പോഴേക്ക് നമുക്ക് ഖസാക്കിന്റെ ഇതിഹാസത്തെ പറ്റി പറയാം,ആ ഇതിഹാസ നായകനെ പറ്റിയും.
***********
വർഷങ്ങൾക്ക് മുൻപ്, കുറച്ചു കൂടെ കൃത്യമാക്കിയാൽ തൊള്ളായിരത്തി അമ്പതുകളിൽ, സിരകളിൽ വിപ്ലവവീര്യവുമായി നടന്നിരുന്ന ഒവി വിജയനെന്ന എഴുത്തുകാരന്റെ അദ്ധ്യാപക ജോലി ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് നഷ്ടമാകുന്നു. പൊടുന്നനെയുണ്ടായ ജോലി നഷ്ട്ടപ്പെട്ടലിന്റെ മാനസിക പിരിമുറക്കത്തിൽ നിന്ന് രക്ഷ നേടാനായി വിജയൻ മാഷ് തന്റെ സഹോദരി ജോലി ചെയ്തിരുന്ന തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തിലേക്കെത്തുന്നു.
ഒവി ഉഷ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയാണ്.വാഹന സൗകര്യങ്ങൾ നന്നേ കുറവുള്ള ആ കാലത്തു ദിനേനെ പട്ടണത്തിൽ നിന്ന് തസ്രാക്കിലേക്കെത്താനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പ്രമാണി താൽക്കാലികമായി വിട്ട് നൽകിയ ഞാറ്റുപുരയിലായിരുന്നു അവർ താമസിച്ചിരുന്നത്. തസ്രാക്കിൽ തന്റെ സഹോദരിയോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിച്ച വിജയൻ മാഷ് ദിവസങ്ങൾക്കകം തിരിച്ചു പോകുകയും പിന്നീട് പലയിടങ്ങളിലൂടെ സഞ്ചരിച്ചു ഒടുവിൽ ഡൽഹിയിലെത്തി ഒരു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
അവിടെ വെച്ചാണ് ഖസാക്കിന്റെ ഇതിഹാസം എന്ന കൃതി എഴുതാൻ ആരംഭിക്കുന്നത്.160 ഓളം പേജുകൾ മാത്രമുള്ള ഈ നോവൽ എഴുതി തീർക്കാൻ മാഷ് 12 വർഷത്തോളെമെടുത്തു.
ഖസാക്കിന്റെ ഇതിഹാസം തസ്രാക്ക് എന്ന പാലക്കാടൻ ഗ്രാമത്തിന്റെ കഥയല്ല. ഖസാക്ക് ഒരു നിമിത്തം മാത്രമായിരുന്നു. പിന്നിട്ട വഴികളിൽ തന്റെ കൂടെയുണ്ടായിരുന്ന ചിന്തകളും അനുഭവങ്ങളും വിജയൻ മാഷ് തസ്രാക്കിലേക്ക് കൊണ്ട് വരികയാണുണ്ടായത്. തസ്രാക്ക്, അല്ലെങ്കിൽ ഖസാക്ക് എന്ന ഗ്രാമത്തിലൂടെ അദ്ദേഹം പല ഗ്രാമങ്ങളെയും പല ജീവിതങ്ങളെയും വരച്ചു കാണിച്ചു.
ഈയൊരു കൃതി മലയാള സാഹിത്യത്തെ രണ്ട് കാലഘട്ടമായി തിരിച്ചു, ഖസാക്കിന് മുൻപും ഖസാക്കിന് ശേഷവും.
******
ഖസാക്കിലെ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായി എത്തുന്ന രവി എന്ന യുവാവിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന കൃതി പല കഥാപാത്രങ്ങളിലൂടെയും വ്യത്യസ്ഥ കഥാസന്ദർഭങ്ങളിലൂടെയും കടന്നു പോകുന്നു. ഈ നോവലിലെ പ്രധാന കഥാപാത്രം ആരെന്നു ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളായിരിക്കും. ഓരോ വായനയിലും പ്രധാന കഥാപാത്രങ്ങളായി രവിയും നൈസാമലിയും മൈമൂനയും അപ്പുക്കിളിയുമെല്ലാം മാറി മാറിയെത്തുന്നു.
ഖസാക്കിന്റെ ഇതിഹാസം ഒരൊറ്റ തവണ വായിച്ചു പോകുന്നവർക്കുള്ള കൃതിയല്ല. ഓരോ വായനയിലും കഥാപാത്രങ്ങൾക്കൊക്കെ വ്യത്യസ്ഥ സ്വഭാവങ്ങൾ കൈവരുന്നതായി കാണാം.
ആദ്യ വായനയിൽ രവി പിന്നോക്ക ഗ്രാമത്തിൽ പഠിപ്പിക്കാനെത്തുന്ന സേവനതല്പരനായ അധ്യാപകനാണെങ്കിൽ പിന്നീടുള്ള വായനകളിൽ രവി കൂസലില്ലാതെ നടക്കുന്ന ഒരു സഞ്ചാരിയായും ലൈംഗികാസക്തിയുള്ളവനായും വിഷാദരോഗിയായും ഭ്രാന്തനായുമൊക്കെ മാറുന്നു.
വായനകൾ പലയാവർത്തി പിന്നിടുമ്പോൾ നൈസാമലിയുടെ തുടകൾക്കിടയിൽ ലൈംഗിക ദാഹം തീർത്ത, ഏകാദ്ധ്യാപക വിദ്യാലയത്തെ ശക്തമായി എതിർത്ത അള്ളാപിച്ചാ മൊല്ലാക്ക എന്ന വില്ലൻ പുരോഹിതൻ ദുഃഖഭാരം താങ്ങാനാകാതെ അസമയത്തു പള്ളിയിൽ കയറി സുബ്ഹി ബാങ്ക് കൊടുത്ത പുരോഹിതനായും ഒടുവിൽ ചങ്ക് പൊട്ടി മരിച്ച നിസ്സഹായനായ ഖസാക്കുകാരനായും മാറുന്നു.
ഖാലിയാരിക്കും രവിക്കും മുങ്ങാക്കോഴിക്കും ലൈംഗിക ദാഹം തീർത്തു കൊടുത്ത ഖസാക്കിലെ യാഗാശ്വം മൈമൂന കയ്യിൽ നീലഞരമ്പുകളുമായി ഇന്നും ഉൾനാടൻ ഗ്രാമപാതകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
എല്ലാത്തിനും സാക്ഷിയായി പാലക്കാടൻ കാറ്റേറ്റ് കരിമ്പനകൾ അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്നു.
കരിമ്പനകൾ താണ്ടി ബൈക്ക് ഖസാക്കിലെ ഞാറ്റുപുരക്ക് മുന്നിലെത്തി.നോവലിൽ ഏകാദ്ധ്യാപക വിദ്യാലയമായി മാഷ് പരിചയപ്പെടുത്തിയ ഞാറ്റുപുര ഇപ്പോൾ ഒവി വിജയൻ സ്മാരകമാണ്. 'L' ആകൃതിയിലുള്ള രണ്ടു മുറികളും മറ്റൊരു മുറിയുമാണ് ഞാറ്റുപുരയിലുള്ളത്. രണ്ടു മുറികളിൽ വിജയൻ മാഷിന്റെ കാർട്ടൂണുകളും ഒരു മുറിയിൽ മിനി തീയേറ്ററുമാണുള്ളത്.
ഞാറ്റുപുരയുടെ വലതു വശത്തായി ചെറിയൊരു കരിങ്കൽ ശില്പോദ്യാനം കാണാം. അള്ളാപിച്ചാ മൊല്ലാക്കയുടെ കരിങ്കൽ രൂപത്തിൽ നിന്ന് തുടങ്ങി മൈമൂന നീരാടിയ അറബികുളത്തിൽ അവസാനിക്കുന്ന ശിൽപോദ്യാന പാതയുടെ ഇരുവശവും ഖസാക്കിലെ കഥാപാത്രങ്ങൾ കരിങ്കൽ രൂപങ്ങളായി നിലകൊള്ളുന്നു.
ഞാറ്റുപുരക്ക് പുറകിൽ സ്മാരക സമിതി ഓഫീസ് കെട്ടിടവും അതിനകത്തു വിശാലമായ ഒരു ഓഡിറ്റോറിയവുമുണ്ട്. പല കലാകാരന്മാർ വരച്ചിട്ടുള്ള നിരവധി പെയിന്റിങ്ങുകൾ ഭിത്തിയിലും മറ്റുമായി തൂങ്ങി കിടക്കുന്നു. എനിക്കേറെ ഇഷ്ടമായത് രാത്രി ചെതലിയുടെ തായ്‌വാരത്തിലൂടെ ഖസാക്കിലേക്ക് നിലവിളിച്ചോടുന്ന കുട്ടാപ്പുനരിയുടെ ചിത്രമാണ്.
ഓഡിറ്റോറിയത്തിന് പുറകിൽ വിജയൻ മാഷിന്റെ പ്രധാന കൃതികളുടെ പേരിൽ ഉണ്ടാക്കിയിട്ടുള്ള സന്ദർശക മണ്ഡപങ്ങളും.
ഖസാക്കിലെ കാഴ്ചകളായി ഒന്നും തന്നെയില്ല. നോവൽ വായിക്കാതെ ഖസാക്കിലെത്തുന്നവർ നിരാശരായി മടങ്ങുന്നതും അത് കൊണ്ട് തന്നെയാണ്. പക്ഷെ ഖസാക്കിന്റെ അടുത്തറിയുന്നവർക്ക് ഖസാക്ക് വലിയൊരനുഭവം തന്നെയാണ്.
ഞാറ്റുപുരയിലെ കാവിതറയിൽ കുറെ നേരം ഒറ്റക്കിരിക്കുമ്പോൾ, ധര്മപുരാണം ഗാലറിയിലിരുന്ന് ഒരിക്കൽ കൂടി ഖസാക്കിന്റെ പേജുകൾ മറിച്ചിടുമ്പോൾ, കരിങ്കൽ മതിലിൽ നിന്ന് പുറത്തേക്ക് തള്ളുന്ന ഓന്തിൻ തല കാണുമ്പോൾ നമ്മൾ വീണ്ടും ആ പഴയ ഖസാക്കിലേക്കെത്തുന്നു... അവിടുന്ന് പിന്നെയും ഒരുപാട് ദൂരം പിന്നിലേക്ക് സഞ്ചരിച്ചു ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പുള്ള ചെതലിയുടെ തായ്‌വരയിലെത്തുന്നു....
കരിമ്പനകൾ പാലക്കാടൻ കാറ്റ് വീശുന്നത് നോക്കി, ആകാശത്തിലെ കരിക്കിൻ തൊണ്ടുകളെണ്ണി കുറെ നേരം അങ്ങനെയിരുന്നു.ഇടക്കപ്പെഴോ സ്മാരകത്തിന്റെ മാനേജർ മുരളി കൂട്ടിനായെത്തി. എന്റെ അതേ പ്രായം, ഞങ്ങൾ ഖസാക്കിനെ പറ്റി, വിജയൻ മാഷിനെ പറ്റി, ഖസാക്കിലെ കഥാപാത്രങ്ങളെ പറ്റി ഒരുപാട് സമയം അങ്ങനെ സംസാരിച്ചിരുന്നു.
നേരം വൈകുന്നേരത്തോടടുത്തിരിക്കുന്നു, പോകാൻ സമയമായി.....
സായാഹ്‌ന യാത്രകളുടെ അച്ഛാ... വിട തരിക.. മന്ദാരത്തിന്റെ ഇലകൾ ചേർത്ത് തുന്നിയ ഈ പുനർജനിയുടെ കൂടു വിട്ട് ഞാൻ വീണ്ടും യാത്രയാണ്
കുറഞ്ഞ ചിലവിൽ സ്പിറ്റി വാലിയിലേക്ക്
---------------------------------------------------------------------
ഇതൊരു യാത്ര വിവരണം അല്ല, കുറഞ്ഞ ചിലവിൽ സ്പിറ്റി വാലി സ്വപ്നം കാണുന്നവർക്ക് ഉപകാരപ്പെട്ടേക്കാവുന്ന ചില വിവരങ്ങൾ ഇവിടെ കുറിക്കുകയാണ്
സ്പിറ്റിയിൽ ഞാൻ പോയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം മാത്രമേ ഇതിലുള്ളു , കൂടുതൽ സ്പിറ്റി വിവരങ്ങൾക്ക് ജാബിർ ന്റെ സ്പിറ്റി ബൈബിൾ വായിക്കുക
ഇതൊരു പക്കാ ലോക്കൽ യാത്രയാണ്,കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാത്രം തുടർന്ന് വായിക്കുക.
***********************
മുന്നൊരുക്കം
---------------------
പണവും സമയവും ഒരുമിച്ചു കിട്ടിയിട്ട് യാത്ര പോയവർ ചുരുക്കം ആയിരിക്കും.ഇത് രണ്ടും ഒരുമിച്ച് കിട്ടിയാൽ തന്നെ യാത്ര പോകാനുള്ള ആരോഗ്യം ഉണ്ടായികൊള്ളണമെന്നില്ല. അതിനാൽ സ്പിറ്റി പോകാൻ പ്ലാൻ ചെയ്യുന്നവർ കുറച്ചു കാലം മുൻപ് മുതലേ പ്ലാനിങ് തുടങ്ങിയാൽ നന്നായിരിക്കും.ഓരോ ദിവസവും എവിടെ എത്തും എന്നതിനെ പറ്റി ഒരു ധാരണയുണ്ടാക്കി കൃത്യമായി റൂട്ട് schedule ചെയ്യുക.ഓരോ മാസവും ശമ്പളം കിട്ടുമ്പോൾ നമുക്ക് ബസ്, ട്രെയിൻ ടിക്കറ്റ് എന്നിവ മുൻകൂട്ടി ബുക്ക് ചെയ്തു വെക്കാം,അങ്ങനെ ചെയ്‌താൽ രണ്ടുണ്ട് കാര്യം.ട്രെയിനിലും ബസിലും സീറ്റുറപ്പിക്കാം,യാത്ര തുടങ്ങുന്ന സമയത്തു ഒറ്റയടിക്ക് വലിയൊരു സംഖ്യ കണ്ടെത്തുക എന്ന വലിയ പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്യാം.
ഒരു കാരണവശാലും റൂം ബുക്ക് ചെയ്യരുത്.റൂം നേരിട്ട് പോയി വിലപേശിയെടുക്കുന്നതാണ് ബഡ്ജറ്റ് ട്രിപ്പിന് നല്ലത്. റിട്ടേൺ ടിക്കറ്റും ആദ്യം ബുക്ക് ചെയ്യരുത്.അത് യാത്രയുടെ പകുതിയിലോ അവസാനത്തിലോ ചെയ്‌താൽ മതിയാകും.എന്തൊക്കെ പ്ലാൻ ചെയ്താലും കാര്യങ്ങൾ വിചാരിച്ച പോലെ നടക്കണം എന്നില്ല,മുകളിൽ നിന്നുരുണ്ടു വന്ന ഒരു കല്ല് മതി നമ്മുടെ പ്ലാൻ ഒക്കെ തകിടം മറിയാൻ, കാരണം ഇത് സ്പിറ്റിയാണ്.
സ്പിറ്റി പോകാൻ നല്ല സമയം ഓഗസ്റ്റ്, സെപ്റ്റംബർ ആണെന്ന് ഞാൻ പറയും, കാരണം സെപ്റ്റംബർ ആപ്പിളിന്റെ മാസം കൂടിയാണ്.മഞ്ഞു മൂടിയ സ്പിറ്റി കാണാൻ മറ്റു മാസങ്ങളാണ് നല്ലത്
--
റൂട്ട്
--------
കേരളത്തിൽ നിന്ന് ട്രെയിനിൽ ഡൽഹി പോയി വരാൻ ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും ആകും. അതിനാൽ വെറും ഒരു സ്പിറ്റി ക്ക് ഇത്രയും ദിവസത്തെ യാത്ര നടത്തി പോകുന്നതിൽ അർത്ഥമില്ല,അതിന് ചെയ്യാൻ പറ്റുന്ന ഒരു കാര്യം സ്പിറ്റിയോട് ചേർന്ന അധികം സമയം നഷ്ടപ്പെടാത്ത ഒന്ന് രണ്ട് സ്ഥലങ്ങൾ കൂടി യാത്രയിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.
ഞാൻ സ്പിറ്റിയുടെ കൂടെ ഡൽഹി, കൽക്ക സിംല ടോയ് ട്രെയിൻ, മണാലി, പഞ്ചാബ് എന്നിവയാണ് ഉൾപ്പെടുത്തിയത്.ഇവയൊക്കെ നമ്മൾ പോകുന്ന റൂട്ടിൽ തന്നെയാണ് താനും, അതായത് പോയ വഴിയിലൂടെ തിരിച്ചു വരാതെ നമുക്ക് യാത്ര അവസാനിപ്പിക്കാം.
--
ഭക്ഷണം
-
------------
താഴെ ഓരോ സ്ഥലങ്ങളുടെ വിവരങ്ങൾ പറയുമ്പോൾ അവിടെ കിട്ടാവുന്ന cheap&best ഭക്ഷണങ്ങളെ പറ്റി വിശദമാക്കാം.പൊതുവായി പറയാനുള്ളത് ഹിമാചലിൽ നമ്മൾ കഴിച്ചു ശീലിച്ച ruchikalum ഭക്ഷണവും തന്നെ കിട്ടണം എന്ന് നിർബന്ധം പിടിച്ചിട്ടു കാര്യമില്ല എന്നതാണ്.അതിനു ചെയ്യാൻ പറ്റുന്ന ഏക കാര്യം നന്നായി വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണ്.
വിശപ്പ് കൂട്ടി കഴിക്കുമ്പോൾ ഏത് bakshanamaayaalum കിടിലൻ രുചിയാണ്. ഭക്ഷണത്തിനു വേണ്ടി ദിവസം 100 രൂപ, കൂടിയാൽ 150 എന്ന പരിധി വെക്കുക.നടക്കും.. 
ഒട്ടു മിക്ക ദിവസവും ഞാൻ ഉച്ചക്കും വൈകുന്നേരത്തിനും ഇടയിലുള്ള ശുഭ മുഹൂർത്തത്തിലാണ് ഭക്ഷണം കഴിച്ചിരുന്നത് .നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ സമയത്തിനനുസരിച്ചു ഇതും മാറാം
വാഹനങ്ങൾ ഭക്ഷണം കഴിക്കാനായി നിർത്തുന്ന ധാബകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അവിടെ യാത്രക്കാർക്ക് നല്ല വിലയായിരിക്കും.
കാസ മണാലി റൂട്ടിലെ ഒരു ദാബയിൽ നിന്ന് 35 രൂപക്ക് ഒരു ലെമൺ ടി കുടിക്കേണ്ടി വന്ന ഒരു ഹതഭാഗ്യന്റെ വിജ്രംഭിച്ച മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.
അപ്പൊ ഇനി യാത്രയിലേക്ക് കടക്കാം..
--
കോഴിക്കോട് -ഡൽഹി
**********************
സ്ലീപ്പർ ടിക്കറ്റു എടുത്താൽ നന്നായി കിടന്നുറങ്ങി പോകാം. ഞാൻ തിങ്കളാഴ്ച ഉള്ള sambrakanthi exp ലാണ് പോയത്. സ്റ്റോപ്പും തിരക്കും കുറവ്,ദിവസവും നന്നായി വൃത്തിയാക്കുകയും ചെയ്യും.
Sleeper ticket ~900
ഭക്ഷണം :വീട്ടിൽ നിന്ന് പോരുമ്പോൾ കുറച്ചു ബേക്കറി സാധനങ്ങൾ പാർസൽ ചെയ്‌താൽ ട്രെയിനിൽ നിന്ന് കഴിക്കാം.ട്രെയിൻ പാൻട്രി പരമാവധി ഒഴിവാക്കുക, ഒരു രക്ഷയും ഇല്ലെങ്കിൽ ബ്രെഡ് ഓംലറ്റ് കഴിക്കാം, 30 രൂപക്ക് സാധനം കിട്ടും
--
ഡൽഹി -കൽക്ക
*****************
സാധാരണ ആളുകൾ നേരെ ചണ്ഡീഗഡ് പോയി അവിടുന്ന് സിംല/കൽക്ക ക്ക് പോകുകയാണ് പതിവ്. ഞാൻ ഡൽഹി ഇറങ്ങി രാത്രി മറ്റൊരു വണ്ടിയിൽ കൽക്ക ക്ക് പോകുകയാണ് ചെയ്തത്, അതിന് പിന്നിൽ ചില ഗുണങ്ങൾ ഉണ്ട്. പറയാം
Sambrakaanthi ഉച്ചക്ക് ഡൽഹിയിലും രാത്രി ചണ്ഡീഗഡ് ലും എത്തും. ചണ്ഡീഗഡ് നിന്ന് കൽക്ക വരെ വലിയ ദൂരം ഒന്നുമില്ല .കൽക്ക എത്തിയാൽ പിറ്റേന്ന് നേരം വെളുക്കുവോളം സ്റ്റേഷനിൽ ചെലവഴിക്കണം,അത് അത്ര സുഖമുള്ള കാര്യമല്ല. അല്ലെങ്കിൽ അവിടെ റൂമെടുക്കണം.
ഇനി എന്റെ കാര്യത്തിലേക്ക് വരാം, ഉച്ചക്ക് ഡൽഹി ഇറങ്ങി അന്ന് രാത്രി(9.30 pm) തന്നെ ഡൽഹി കൽക്ക മെയിലിൽ sleeper കോച്ച് ബുക്ക് ചെയ്തു. അപ്പോൾ 9 30 വരെ സമയമുണ്ട്. ആ സമയം കൊണ്ട് ഡൽഹി കുറച്ചൊക്കെ കണ്ട് തീർക്കാം. ചെങ്കോട്ട, ജുമാ മസ്ജിദ്,ചാന്ദിനി ചൗക്, ഇന്ത്യ ഗേറ്റ് എന്നിവയൊക്കെ ഞാൻ അങ്ങനെ കണ്ടതാണ്. മെട്രോ ഉപയോഗിച്ചാൽ വലിയ കാശ് ആകില്ല,ബാക്കി നടക്കുക.
ഒക്കെ കഴിഞ്ഞു രാത്രി സ്ലീപ്പർ ബർത്തിൽ കയറി നല്ലൊരു ഉറക്കവും. റൂം എടുക്കുന്ന കാശ് ലാഭം. മറ്റൊരു കാര്യം ഈ കൽക്ക മെയിൽ കൽക്ക യിൽ എത്തിയതിനു ശേഷമേ കൽക്കയിൽ നിന്ന് ഷിംല യിലേക്കുള്ള ടോയ് ട്രെയിൻ(ജനറൽ കംപാർട്മെന്റ് ഉള്ളത് ) പുറപ്പെടുള്ളൂ. ട്രെയിൻ ലേറ്റ് ആയി ടോയ് ട്രെയിൻ മിസ്സ്‌ ആകുമോ എന്ന പേടിയും വേണ്ട
-
കൽക്ക -ഷിംല
**************
മുൻകൂട്ടി ബുക്ക് ചെയ്ത് അബദ്ധം കാണിക്കരുത്.50 രൂപക്ക് ലോക്കൽ ടിക്കറ്റു കിട്ടും, സീറ്റും.
ഒരു അഞ്ചാറു മണിക്കൂർ കൊണ്ട് ഷിംലഎത്തും. ഭക്ഷണം കഴിച്ചു ട്രെയിനിൽ കയറുക. അവിടെയും ബ്രെഡ് ഓംലറ്റ് കിട്ടും. ഇടക്കിടക്ക് വെള്ളം കുടിച്ചും കാഴ്ചകൾ ആസ്വദിച്ചും വിശപ്പിനെ അകറ്റുക.
ഷിംല എത്തി അത്യാവശ്യം കാഴ്ചകൾ കണ്ട് 6 30 ന്റെ പിയോ ബസിൽ സ്പിറ്റി യിലേക്ക് യാത്രയാകാം .
-
ഷിംല-പിയോ (360rs)
**********
ഷിംലയിൽ നിന്ന് പിയോയിലേക്ക് ദിവസവും വൈകിട്ട് 6.30 നാണു ബസ്. ഏക ബസ്.
മുൻകൂട്ടി ബുക്ക് ചെയ്തില്ലേൽ ബസിൽ കയറി മേലോട്ട് നോക്കി നിക്കേണ്ടി വരും. അതിനാണ് ഞാൻ ആദ്യം പറഞ്ഞത് പോലെ മാസ ശമ്പളം വരുമ്പോൾ ട്രെയിൻ ടിക്കറ്റിനൊപ്പം ഈ ബസും ബുക്ക് ചെയ്യുക. ബുക്കിങ്ങിനു hrtc എന്ന ആപ്പ് ഉപയോഗിക്കാം.
ഭക്ഷണം കഴിച്ചു കയറുക. ഇല്ലെങ്കിൽ ബസ് രാത്രി ഒരു ദാബക്ക് മുൻപിലെ നിർത്തുകയുള്ളു, ആ കളി അപകടം ആണെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. (ലെമൺ ടീ.. ലെമൺ ടീ )
-
പിയോ
--------
പിയോയിൽ നമ്മുടെ ബസ് 5/5.30 ഓടെ എത്തും. പ്രഭാത കൃത്യങ്ങൾ ബസ് സ്റ്റാൻഡിൽ തന്നെയുള്ള ശൗചാലയത്തിൽ നിന്നു കഴിക്കാം (കുളിയല്ല ഉദ്ദേശിച്ചത് ).
പിയോയിൽ നിന്ന് എല്ലാ ദിവസവും രാവിലെ 9.30 nu അവസാന ഇന്ത്യൻ ഗ്രാമമായ ചിത്കുളിലേക്ക് ബസുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യണ്ട, സീറ്റ് ഒക്കെ കിട്ടും. 9.30 വരെ പിയോയിലെ പ്രഭാത കാഴ്ചകൾ കാണാം.
ചിത്കുൽ ബസ് രണ്ട് മൂന്ന് മണിയോടെ ചിത്കുളിൽ എത്തും. ബസിൽ കയറി ഉറങ്ങി കാഴ്ചകൾ നഷ്ട്ടപ്പടുത്തരുത്.കിടിലൻ റൂട്ട് ആണ്.
ചിത്കുളിൽ എത്തിയാൽ ആദ്യം പോയി റൂം എടുക്കുക. നമ്മൾ ആദ്യമായി എടുക്കാൻ പോകുന്ന റൂം ആണ്, ഹോം stay കളിൽ ചെന്ന് വിലപേശുക. ഒറ്റക്കാണെൽ എന്തായാലും വില കൂടും. അതിനാൽ സമാന ചിന്താഗതിയുള്ള രണ്ട് മൂന്ന് സഞ്ചാരികളെ സംഘടിപ്പിച്ചു ഒരുമിച്ച് റൂം എടുക്കുക.
ഞാൻ, അല്ല ഞങ്ങൾ താമസിച്ചത് അമർ ഹോം സ്റ്റേയിൽ ആണ്. മൂന്നാൾക്ക് വിശാലമായ മുറി 400 രൂപക്ക് കിട്ടി. രാത്രി ഭക്ഷണമടക്കം ഒരാൾക്ക് 200 രൂപ.
നമ്മൾ പറയുന്ന ഭക്ഷണം അവർ ഉണ്ടാക്കി തരും.വൈകിട്ട് ഗ്രാമത്തിൽ ഇറങ്ങി ചുമ്മാ നടക്കുക, കാണുന്നവരോടൊക്കെ എന്തെങ്കിലും സംസാരിക്കുക.ഒരു നമസ്തേ എന്നെങ്കിലും പറഞ്ഞാൽ അവർക്ക് വലിയ സന്തോഷം ആകും.
ഹിന്ദുസ്ഥാൻ കാ ആഖരീ ദാബയിൽ പോയി ചായ കുടിക്കുക, ബസ്‌പാ നദിയിൽ ചുമ്മാ കാലും നനച്ചു ഇരിക്കുക.. രസാണ്.. 
-
ചിത്കുൽ -പിയോ
*****************
പിറ്റേന്ന് 6.30 നാണു പിയോയിലേക്ക് ബസ്. നേരത്തെ എണീറ്റു ആ ബസ് പിടിക്കുക. ഉച്ചക്ക് മറ്റൊരു ബസ് കൂടിയുണ്ട്.
പിയോയിൽ ചെന്ന് റൂം എടുത്തു കാഴ്ചകൾ കാണാൻ ഇറങ്ങാം. പിയോ മൊണാസ്ട്രി, കല്പ സൂയിസൈഡ് പോയിന്റ്, roghi വില്ലേജ് ഇവയൊക്കെയാണ് പ്രധാന കാഴ്ചകൾ. കല്പ യിൽ നിന്ന് റോഖിയിലെക്ക് പരമാവധി നടക്കുക.
പിയോ ബസ് സ്റ്റാൻഡിന്റെ മുകൾവശത്തു ഉള്ള അഭിഷേക് ഹോം സ്റ്റേ യിൽ ആണ് ഞങ്ങൾ റൂം എടുത്തത്. സംഗതി സോളോ യാത്രികർ ഒക്കെ ആണെങ്കിലും കാഴ്ചകൾ ഒറ്റക്ക് കണ്ട് റൂമെടുക്കുമ്പോൾ ഒരുമിച്ച് എടുക്കാൻ ശ്രമിച്ചാൽ കുറഞ്ഞ വിലക്ക് റൂം കിട്ടും. ഞങ്ങൾ 7 പേര് കൂടി രണ്ട് റൂം ഒരാൾക്ക് 100 രൂപ എന്ന നിലക്കാണ് എടുത്തത്
നമ്മളെ പോലെ വേറെയും യാത്രികർ എല്ലായിടത്തും ഉണ്ടാകും.
-
പിയോ -ടാബോ
**************
പിയോ യിൽ നിന്ന് ടാബോ യിലേക്ക് എല്ലാ ദിവസവും രാവിലെ 5.30 ക്കാണ് ബസ്. സിംല യിൽ നിന്ന് തലേന്ന് വൈകിട്ട് പുറപ്പെട്ട അതേ ബസ് തന്നെ.
കുറച്ചു നേരത്തെ എണീറ്റു സ്റ്റാൻഡിൽ പോയി നിന്നാൽ ടിക്കറ്റ് കിട്ടും. ഒരു നാല് മണിക്ക് തന്നെ പോയി നിന്നാൽ ക്യു വിൽ മുൻപിൽ തന്നെ സ്ഥാനം പിടിക്കാം.
അങ്ങനെ ആ ബസ് നാകോ ഗ്രാമം വഴി താബോയിലേക്ക്, നാകോ ഇറങ്ങേണ്ടവർക്ക് അവിടെ ഇറങ്ങാം.
ഭക്ഷണം ഒക്കെ നമുക്ക് ടാബോ എത്തിയിട്ട് കഴിക്കാം
-
ടാബോ
******
ബസ് ടാബോ ഉച്ചക്ക് എത്തും. ഒന്നും നോക്കാതെ നേരെ ടാബോ മൊണാസ്റ്ററി യുള്ള യിൽ പോയി റൂമെടുക്കുക. ഒറ്റക്കണേൽ ഡോര്മിറ്ററി കിട്ടും,അല്ലെങ്കിൽ 300 രൂപ കൊടുത്താൽ രണ്ട് കട്ടിലുള്ള കിടിലൻ റൂം കിട്ടും.
അങ്ങനെ അവിടുന്ന് ഭക്ഷണം കഴിച്ചു കാഴ്ചകൾ കാണാൻ ഇറങ്ങാം.അവിടുന്ന് വിശപ്പും കൂട്ടി ചൗമീൻ കഴിച്ചപ്പോൾ എന്തൊരു സ്വാദായിരുന്നു..!
ടാബോ മൊണാസ്ട്രി കണ്ട് അതിനു പുറകിൽ കാണുന്ന മലയിലേക്ക് നടന്നു കയറുക. അവിടെ സന്യാസിമാർ തപസ്സിരുന്ന ഗുഹകൾ കാണാം. നല്ല വിശാലമായ ഗുഹയാണ്.
അതിനുള്ളിൽ കയറി ഒരു യോഗാസനം സ്റ്റൈലിൽ കുറച്ചധികം സമയം ഇരിക്കുക. കിടിലൻ അനുഭവമാണ്. എന്തൊക്കെ ചിന്തകളാണ് മനസ്സിലൂടെ ഓടി മറയുക!.
മറ്റൊരു പ്രത്യേകത ഇവിടെ കാര്യമായിട്ട് ആളുകളൊന്നും ഉണ്ടാവില്ല എന്നതാണ്.
ശാന്തം, സ്വസ്ഥം..♥(
നേരം വൈകുന്തോറും തണുപ്പ് അരിച്ചു കയറും. ഗുഹക്ക് പുറത്തു കുറച്ചു ചുള്ളി കമ്പുകൾ ഒക്കെ പെറുക്കി തീ കൂട്ടി അവിടെ ഇരുന്നാൽ പിന്നെ വേറൊന്നും വേണ്ട.....
ഇനിയിപ്പോ ഒരു സമ്മേളനത്തിനുള്ള ആളുകൾ ആ മലയിൽ കയറി വൻ ക്യാമ്പ് ഫയർ ഒക്കെയിട്ട് അങ്ങോട്ടേക്കുള്ള പ്രവേശനം നിരോധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്:(
--
ടാബോ-കാസ
*************
രാവിലെ 9 മണിക്കും ഉച്ചക്കും ബസുണ്ട്. എന്റെ അഭിപ്രായം ബസിനു കാത്തു നിൽക്കാതെ രാവിലെയിറങ്ങി ലിഫ്റ്റിന് നോക്കുന്നതാണ് നല്ലത് എന്നാണു. ബസ് യാത്ര ഒക്കെ കുറെ ആസ്വദിച്ചല്ലോ. ഇനീപ്പോ വല്ല ട്രക്കോ ട്രാക്ടറോ കാറോ ബൈക്കോ കിട്ടിയാലോ !
ഒരു ഉളുപ്പും ഇല്ലാതെ കാണുന്ന വണ്ടിക്കൊക്കെ കൈ കാണിക്കുക.(ഒരു വണ്ടി പോയി മറ്റൊന്ന് വരാൻ മണിക്കൂറുകൾ എടുത്തേക്കാം, അതിനാൽ ഒന്നും മിസ്സാക്കരുത് ).
പുറകിൽ ബാഗ് ഒക്കെ കെട്ടി ഏതെങ്കിലും റൈഡർ മച്ചാന്മാർ വരുന്നത് കണ്ടാലും കൈ കാണിക്കാൻ മറക്കരുത്. പറയാൻ കാരണം ഞാൻ ടാബോയിൽ നിന്ന് കാസയിലേക്ക് അങ്ങനെയൊരു മച്ചാന്റെ ബൈക്കിന്റെ പുറകിൽ കയറിയാണ് യാത്ര ചെയ്തത്.
ഇടക്കൊക്കെ നിർത്തി, പുഴയിൽ ഇറങ്ങി, കൂക്കി വിളിച്ചു ഫോട്ടോ എടുത്തു ഒരു കിടിലൻ യാത്ര...
ഹെന്റമ്മോ... ഈ ദുനിയാവിലെ എന്റെ ഏറ്റവും മികച്ച ബൈക്ക് യാത്രയിലൊന്ന്..
-
കാസ
*****
കാസ എത്തിയാൽ ഉടനെ റൂം തപ്പുക . കുറച്ചു തിരഞ്ഞാൽ നല്ല വില കുറഞ്ഞ റൂം കിട്ടും. ഷെയർ റൂം ആണേൽ പിന്നയും വില കുറയും
ബസ് സ്റ്റാന്റിനടുത്തുള്ള അന്കുത് ഭായിയുടെ ഹോം സ്റ്റേ യിലാണ് ഞാൻ താമസിച്ചത്. വിശാലമായ ഒരു ഡബിൾ റൂം, ദിവസം 200 രൂപ വാടക.
റൂം എടുക്കുന്നതിനു മുൻപ് നന്നായി vilapeshaan മറക്കരുത്. നിങ്ങൾ വിചാരിക്കും ഞാൻ ഈ വിലപേശാനും നാട്ടുകാരോട് സംസാരിക്കാനും ഒക്കെ പറയുന്നത് ഞാൻ മുടിഞ്ഞ ഹിന്ദി അറിയുന്ന ആളായത് കൊണ്ടായിരിക്കും എന്നാണ്, നിങ്ങൾക്ക് തെറ്റി. എന്റെ ഹിന്ദി യുടെ അവസ്ഥ എനിക്കല്ലേ അറിയൂ 
"ഭായ്, കിദർ റൂം ഹേ ?,കിതനാ പൈസ, ഓ ജാസ്തി ഹേ, തോട അഡ്ജസ്റ്റ് കരോ.. "
ഇതൊക്കെയാണ് എന്റെ ഹിന്ദി ഭാഷയിലുള്ള സമ്പാദ്യം. ഭാഷ ഒന്നും ഒരു പ്രശ്നമേ അല്ലെന്ന് എനിക്ക് ഇതിനു മുന്നേ മനസ്സിലായതാണ് .
കാസയിൽ റൂമെടുത്താൽ അടുത്ത പണി ബൈക്ക് വാടകക്ക് എടുക്കലാണ്. ഹോം സ്റ്റേ മുതലാളിയോട് പറഞ്ഞാൽ മൂപ്പർ തന്നെ വില കുറച്ചു വല്ല വണ്ടിയും ഏർപ്പെടാക്കി തരും. അല്ലെങ്കിൽ ഇഷ്ടം പോലെ ബൈക്ക് വാടക ഷോപ്പുകൾ കാസയിൽ ഉണ്ട്. ആക്ടിവ മുതൽ ഹിമാലയൻ വരെ .
സാധാ ബൈക്കിനു 700/800 രൂപയും ബുള്ളറ്റിനു 1000/1200 രൂപയും ആകും. .അതിൽ ഒരു 250/300 രൂപക്ക് പെട്രോൾ അടിച്ചാൽ പിറ്റേന്ന് മുഴുവൻ നമുക്ക് കറങ്ങാം.
തലേന്ന് ബൈക്ക് പറഞ്ഞുറപ്പിച്ചു പിറ്റേന്ന് എടുത്താൽ മതി. .ഇല്ലെങ്കിൽ രണ്ട് ദിവസത്തെ വാടക കൊടുക്കേണ്ടി വരും .
കാസയിൽ നിന്നും ബൈക്ക് കൊണ്ട് കറങ്ങാൻ പറ്റിയ റൂട്ട്.
.
Kasa-langsa -komik-hikkim-main road-key monastry-kibber-കാസ
ഒരു ദിവസം കൊണ്ട് ഇതൊക്കെ ആസ്വദിച്ചു കണ്ട് വരാം.
Langsa -വലിയൊരു ബുദ്ധ പ്രതിമയുണ്ട്
കോമിക് -ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം
ഹിക്കിം -പോസ്റ്റ് ഓഫീസ്
കീ -മൊണാസ്ട്രി
Kibber -chicham bridge
കാഴ്ചകൾ കണ്ട് തിരിച്ചു വന്നു നല്ലൊരുറക്കം .വേണമെങ്കിൽ കുറച്ചു ആപ്പിൾ വാങ്ങി സ്റ്റോക്ക് ചെയ്യാം. നാളെ പകൽ മുഴുവൻ നമ്മൾ ബസിൽ ആണ്.
പിന്നെ മറ്റൊരു കാര്യം, ഹിക്കിമിൽ കത്തയക്കാൻ പോകുന്നവർ പോസ്റ്റ് കാർഡും സ്റ്റാമ്പും കാസയിൽ നിന്ന് വാങ്ങി പോകുന്നതാണ് നല്ലത്.ഹിക്കിമിൽ അത് കിട്ടി എന്ന് വരില്ല
-
കാസ -മണാലി
**************
എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് ബസ് ഉണ്ട്. ഒരു നാലു നാലരക്ക് എത്തി തിക്കി കയറണം. ബസിൽ കയറിയിട്ട് ടിക്കറ്റ് എടുത്താൽ മതി. മുൻകൂട്ടി ബുക്കിങ് ഇല്ല.
ഇടിച്ചു കയറുന്ന സമയത്തു വല്യ മനുഷ്യത്വം കാണിക്കാൻ നിന്നാൽ രോഹ്താങ് പാസ് വരെ നിന്ന് പോകേണ്ടി വരും .
ബസിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ഷെയർ ടാക്സി കിട്ടും 800/1000 രൂപ. (ഞാൻ അങ്ങനെയാണ് പോയത് )
ചന്ദ്രദാൽ തടാകത്തിലേക്ക് പോകേണ്ടവർക്ക് പറ്റിയ പാക്കേജ്കളും ഷെയർ ടാക്സിക്കാർ തരും.
കാസ മണാലി റോഡ് (റോഡ് ഒന്നും ഇല്ല ) ഒരു അത്ഭുതം തന്നെയാണ്. പാറകളിലും വെള്ളത്തിലും ഒക്കെ കയറിയിറങ്ങി പോകുന്ന കിടിലൻ യാത്ര.
യാത്രക്കിടയിൽ നിർത്തുന്ന ധാബകളിൽ കയറി വെറുതെ തല വെച്ചു കൊടുക്കണ്ട. നമ്മുടെ അറവു ധാബകൾ കൂടുതലും ഈ റൂട്ടിലാണ്. ഒരു പകൽ ഒന്നും കഴിച്ചില്ലെങ്കിലും വല്യ പ്രശ്നം ഒന്നുമില്ല. ഞാൻ ഇന്നലെ ആപ്പിൾ വാങ്ങാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ലേ
-
മണാലി
********
നമ്മുടെ ബസ് വൈകിട്ടോടെ മണാലി എത്തും. മണാലിയിലും ഷെയർ റൂം സമ്പ്രദായം ഉപയോഗിച്ച് ഒരാൾക്ക് 100 രൂപ എന്ന നിരക്കിൽ റൂം കിട്ടി.
വീണ്ടും വീണ്ടും പറയുകയാണ്. ഒറ്റക്കാണെങ്കിലും റൂം എടുക്കാൻ പോകുമ്പോൾ പരമാവധി ഒരു ടീമിനെ ഉണ്ടാക്കുക.
മണാലിയിൽ നിന്ന് വയറു നിറച്ചു ഭക്ഷണം കഴിച്ചു രാത്രി കാഴ്ചകൾ ആസ്വദിക്കാം. പിറ്റേന്ന് മണാലിയിൽ നിന്ന് അമൃത്സറിലേക്കുള്ള ബസ് ബുക്ക് ചെയ്യുക. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം പുറപ്പെടുന്ന ബസ് ആകുന്നതാണ് നല്ലത്. അത് വരെ മണാലിയിലെ കാഴ്ചകൾ കാണാം, അതിന്റെ അടുത്ത ദിവസം പുലർച്ചെ ആറു മണിക്ക് മുൻപായി ആ ബസ് പഞാബിലെത്തുകയും ചെയ്യും
റൂം കാശ് ലാഭം.
മണാലിയിൽ ഹഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ട് , hot water സ്പ്രിങ് രോഹ്താങ്, (ആ വഴിയാണ് നമ്മൾ വന്നത് ) എന്നിവയൊക്കെയാണ് കാണാനുള്ളത്
-
അമൃത്സർ
***********
എന്റെ യാത്രയിൽ ഏറ്റവും ചെലവ് കുറഞ്ഞ പട്ടണം. പുലർച്ചെ എത്തുന്ന ബസിറങ്ങി നേരെ ഗോൾഡൻ ടെംപിളിൽ പോകുക.നടക്കാവുന്ന ദൂരമേ ഉള്ളു. അവിടുന്ന് പ്രാഥമിക കാര്യങ്ങൾ നിറവേറ്റി ബാഗും ചെരിപ്പും സൗജന്യമായി സൂക്ഷിക്കുന്ന ലോക്കറിൽ വെച്ചു ക്ഷേത്രം കാണാൻ ഇറങ്ങാം. ഇവിടുത്തെ മറ്റൊരു പ്രത്യേകത ടെംപിൾ കാണാൻ വരുന്നവർക്ക് ഏത് സമയവും സൗജന്യമായി നല്ല കിടിലൻ ഭക്ഷണം കിട്ടും എന്നതാണ്. ദിവസേനെ ഒരു 10000 ആൾക്കെങ്കിലും ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന സിഖ് കാരെ സമ്മതിക്കണം.
ഗോൾഡൻ ടെംപിൾ കണ്ട് തൊട്ടടുത്തുള്ള ജാലിയൻ വാലാബാഗിലേക്ക് പോകാം. ബാഗ് അവിടെ നിക്കട്ടെ,നമുക്ക് രാത്രി എടുക്കാം. നടക്കാവുന്ന ദൂരം മാത്രം.
ജാലിയൻ വാലാബാഗ് കണ്ടിറങ്ങിയാൽ പുറത്തു ടാക്സി കാരുടെ ബഹളം കേൾക്കാം
"ബോർഡർ . ബോർഡർ.. വാഗാ ബോർഡർ,, hundred റുപീസ്"
അതെന്നെ, 100 രൂപ കൊടുത്താൽ ഷെയർ ഓട്ടോയിൽ അവർ നമ്മളെ വാഗാ യിൽ എത്തിച്ചു പരേഡ് കഴിയുന്നത് വരെ കാത്തു നിന്ന് തിരിച്ചു അമൃത്സറിൽ കൊണ്ടെത്തിക്കും
അന്ന് രാത്രി ഒന്ന് കൂടെ ഗോൾഡൻ ടെംപിളിൽ കയറി (ഫുഡടി അല്ല, ബാഗ് എടുക്കലാണ് ലക്ഷ്യം ) ബാഗുമെടുത്തു നേരെ റെയിൽവേ സ്‌റേഷനിലേക്...
ഡെല്ഹിക്കുള്ള ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ കയറി നന്നായി ഉറങ്ങി ഡൽഹിയിലേക്ക്
ഡൽഹി യിൽ നിന്ന് കറങ്ങി പിന്നെ നാട്ടിലേക്ക്
ശുഭം 
-----------
അപ്പൊ എല്ലാരും പോയി വരീൻ, എന്തേലും സംശയം ഉണ്ടേൽ വിളിക്കാം
9567773715
എനിക്ക് കോഴിക്കോട് നിന്ന് തുടങ്ങി സ്പിറ്റി മണാലി പഞ്ചാബ് വഴി ഡൽഹി എത്തുന്നത് വരെ chelavaayath 7600 രൂപയാണ്. (യാത്ര, താമസം, ഭക്ഷണം, മറ്റു ചിലവുകൾ അടക്കം )
വിശദമായ ട്രാവൽ സീരീസ് പിന്നാലെ വരുന്നുണ്ട് ട്ടാ.. 
റാം മുഹമ്മദ് സിങ് ആസാദ്.. 
------------------------------------------------------
1940 മാർച്ച്‌ 13,
ലണ്ടനിലെ കാസ്റ്റൺ ഹാളിൽ ഒരു പൊതു പരിപാടി നടക്കുകയാണ്.ബ്രിട്ടനിലെ പല പ്രമുഖരും പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു,കൂട്ടത്തിൽ മൈക്കിൾ എന്ന മുൻ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനും.
കാസ്റ്റൺ ഹാളിൽ പരിപാടി നടന്നു കൊണ്ടിരിക്കെ കോട്ടും സൂട്ടുമിട്ട് തലയിൽ വട്ടതൊപ്പി വെച്ച് കണ്ടാൽ ബ്രിട്ടീഷ് പൗരനെന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവ് ഹാളിനകത്തേക്ക് കയറി വന്നു.പരിപാടിക്കെത്തിയ ആൾക്കൂട്ടത്തിനിടയിൽ വെച്ച് താൻ തേടി വന്നയാളെ കണ്ടെത്തിയതിന് ശേഷം ആ യുവാവ് അയാൾക്ക് നേരെ നടന്നടുത്തു.
"സൊ ...മൈക്കിൾ "
ഒരു പരിചയക്കാരനോടെന്ന പോലെ പുഞ്ചിരിച്ചു കൊണ്ട് മൈക്കിൾ ആ യുവാവിന് നേരെ തിരിഞ്ഞു.
'ട്ടേ....ട്ടേ ...ട്ടേ ....'
വെടിയൊച്ചയുടെ ശബ്ദം.
ഒന്നല്ല ,പലതവണ അത് കാസ്റ്റൺ ഹാളിനെ പ്രകമ്പനം കൊള്ളിച്ചു.വെടിയൊച്ചയും അട്ടഹാസങ്ങളും അടങ്ങുമ്പോയേക്കും രക്തത്തിൽ കുളിച്ചു മൈക്കിൾ അന്ത്യശ്വാസം വലിച്ചിരുന്നു.
ചോരയിൽ കുളിച്ച മൈക്കിൾ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ മൃതദേഹം കാസ്റ്റൻ ഹാളിൽ കിടക്കുമ്പോൾ തന്നെ തൊട്ടടുത്ത മുറിയിൽ പോലീസ് ഉദ്യോഗസ്ഥർ ആ കൊലപാതകിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചിരുന്നു.
"ഞാൻ അത് ചെയ്തു ,അയാൾ അതർഹിക്കുന്നു".പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് അക്ഷോഭ്യനായി അയാൾ വിളിച്ചു പറഞ്ഞു.
"പേര് ?"
"മൈ നെയിം ഈസ്‌ റാം മുഹമ്മദ്‌ സിംഗ് ആസാദ് "
മുൻ ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട വാർത്ത പിറ്റേന്ന് ബ്രിട്ടീഷ് പത്രങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്തു.കൊലപാതകിയെ കുറിച്ചും കൊലക്ക് പിന്നിലെ കാരണത്തെ കുറിച്ചും ഒരു സൂചന പോലുമില്ലാതെ ....
എന്നാൽ പുറം ലോകം അറിയാത്ത ഒരു കാരണം ആ കൊലക്ക് പിന്നിൽ ഉണ്ടായിരുന്നു, 21 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നടന്ന ഒരു സംഭവം ആയിരുന്നു അത് !
******
ജാലിയൻ വാലാബാഗ് മൈതാനത്തിലെ രക്തസാക്ഷി ഗാലറിയിലേക്ക് നടന്നു കയറിയപ്പോൾ ഞാൻ ആദ്യം കണ്ടത് റാം മുഹമ്മദ്‌ സിംഗ് ആസാദ് എന്ന ഉദ്ധം സിംഗിന്റെ ചിത്രമായിരുന്നു.
ചെറുപ്പത്തിൽ തന്നെ അച്ഛനുമമ്മയും നഷ്ട്ടപ്പെട്ട ഉദ്ധം സിംഗ് ഒരനാഥാലയത്തിലാണ് വളർന്നത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം.ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരിൽ നിന്ന് അനുഭാവപൂർണമായ സമീപനം പ്രതീക്ഷിച്ച ഇന്ത്യൻ ജനതക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളും നിയമങ്ങളും അടിച്ചേൽപ്പിക്കാൻ ആയിരുന്നു ബ്രിട്ടീഷുകാർ ശ്രമിച്ചത്.
സ്വാതന്ത്ര്യ പ്രക്ഷോപങ്ങളെ അടിച്ചമർത്താനായി ബ്രിട്ടീഷുകാർ റൗലറ്റ് ആക്ട് എന്ന കരിനിയമം കൊണ്ട് വരുന്നു.ഇന്നത്തെ പോലെ അന്നും കരിനിയമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോപങ്ങൾ രാജ്യത്ത് അരങ്ങേറി.ബ്രിട്ടീഷ് ഇന്ത്യയിൽ ഉടനീളം റാലികളും പ്രക്ഷോപങ്ങളും പൊട്ടി പുറപ്പെട്ടു.കൊടിയ മർദ്ദനവും അറസ്റ്റുമൊക്കെയായി ബ്രിട്ടീഷുകാർ പ്രക്ഷോപം അടിച്ചമർത്താൻ തെരുവിലിറങ്ങി .
ബ്രിട്ടീഷ് അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ അമൃത്സറിലെ ഒരു വിഭാഗം ആളുകൾ നിരോധനാജ്ഞ ലംഘിച്ചു സുവർണ ക്ഷേത്രത്തിനടുള്ള ജാലിയൻ വാലാബാഗ് മൈതാനിയിൽ സമ്മേളിച്ചു.നാല് ഭാഗവും ഉയരത്തിലുള്ള മതിലുകളും ഒരു പ്രവേശന കവാടവും മാത്രമുള്ള വലിയ മൈതാനമായിരുന്നു ജാലിയൻ വാലാബാഗ്.
സമ്മേളനം നടന്നു കൊണ്ടിരിക്കെ ജനറൽ ഡയറിന്റെ നേതൃത്വത്തിൽ ഒരു ബറ്റാലിയൻ പട്ടാളം മൈതാനിയിലേക്ക് മാർച്ചു ചെയ്തു വരികയും പ്രവേശന കവാടത്തിനരികിൽ നിലയുറപ്പിക്കുകയും ചെയ്തു.സമ്മേളനത്തിനെത്തിയ ജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടി മുൻപിൽ ഇരുന്നും പുറകിൽ നിന്നും രണ്ട് വരിയായി പട്ടാളക്കാർ അണിനിരന്നു.
"ഫയർ "
യാതൊരു മുന്നറിയിപ്പും കൊടുക്കാതെ ജനറൽ ഡയർ അലറി.
ആറു മിനിറ്റ് ,അറുനൂറിലെറെ മൃതദേഹങ്ങൾ..
ജീവൻ രക്ഷാർത്ഥം കൂറ്റൻ മതിലിൽ ഓടി കയറാൻ ശ്രമിച്ചവരെ ആത്മനിർവൃതിയോടെ ബ്രിട്ടീഷ് പട്ടാളം വെടി വെച്ചിട്ടു.മൈതാനത്തിലെ കൂറ്റൻ മതിലിൽ വെടിയുണ്ടകൾ തുളഞ്ഞു കയറി .ചിലർ മറ്റു വഴിയൊന്നുമില്ലാതെ മൈതാനത്തിലെ കിണറിലേക്ക് എടുത്തു ചാടി ,അത് മറ്റൊരു ദുരന്തത്തിന് കാരണമായി.120 ലേറെ മൃതദേഹങ്ങളാണ് ആ കിണറ്റിൽ നിന്ന് പിന്നീട് കണ്ടെത്തിയത്.താൻ 'തികച്ചും കൊള്ളാവുന്ന ഒരു കാര്യം' ചെയ്തു തീർത്തു എന്ന ബോധ്യം വന്നപ്പോൾ ഡയർ തന്റെ പട്ടാളക്കാരെ ജാലിയൻ വാലാബാഗിൽ നിന്നും പുറത്തേക്ക് നയിച്ചു.
ജാലിയൻ വാലാബാഗ് കൂട്ടക്കൊല,ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച ആ ദാരുണ കൃത്യത്തിന് നേതൃത്വം നൽകിയ ജനറൽ ഡയർ ശിക്ഷാനടപടികൾക്ക് വിധേയനാകുകയും സർവീസിൽ നിന്ന് പിരിച്ചുവിടപ്പെടുകയും ചെയ്തു.സർവീസിൽ നിന്ന് ഒഴിവായി തിരിച്ചു ബ്രിട്ടനിൽ എത്തിയ ജനറൽ ഡയറിന് വൻ വരവേൽപ്പ് ലഭിക്കുകയും പ്രായം ആകുന്നതിനു മുൻപേ വിരമിക്കേണ്ടി വന്ന ആ പട്ടാളഉദ്യോഗസ്ഥന് വേണ്ടി പണപ്പിരിവ് നടത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ വലിയൊരു സംഖ്യ തന്നെ അയാൾക്ക് പിരിച്ചു നൽകുകയും ചെയ്തു .
എന്നാൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ പേരിൽ ഏറ്റവും വലിയ ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നത് മറ്റൊരു 'ഡയറി'നായിരുന്നു.പഞ്ചാബ് ഗവർണർ ആയിരുന്ന മൈക്കൽ ഡയറായിരുന്നു കൂട്ടക്കൊലക്ക് ഉത്തരവിട്ടത്.ജനങളുടെ മനസ്സിൽ ഒരു ഭീതിയുണ്ടാകാനുള്ള നീക്കമായി മൈക്കൽ ഡയർ തന്റെ ഉത്തരവിനെ കാണുകയും കൂട്ടക്കൊലക്ക് ശേഷം ജനറൽ ഡയറിന്റെ നടപടിയെ പിന്തുണക്കുകയും ചെയ്തു .
സർവീസിൽ നിന്ന് വിരമിച്ചു തിരിച്ചു ലണ്ടനിലെത്തിയ മൈക്കൾ ഡയർ തന്റെ പുതിയ മേഖലയിൽ വ്യാപൃതനായി നടന്നു.വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹം ഇന്ത്യയിലെ ജോലിയും ജാലിയൻ വാലാബാഗ് സംഭവവും മറവിയുടെ ചവറ്റു കൊട്ടയിൽ നിക്ഷേപിച്ചിരിക്കണം,വർഷങ്ങൾക്ക് ശേഷം തന്റെ ഘാതകൻ ഇന്ത്യയിൽ നിന്നും തന്നെ തേടിയെത്തും എന്ന് അയാൾ ഒരിക്കലും ചിന്തിച്ചു കാണില്ല ...പക്ഷെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം അയാളെ തേടി ആ യുവാവ് എത്തുക തന്നെ ചെയ്തു...
*****
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ ഉദ്ധം സിംഗ് ഒരു കൊച്ചു ബാലൻ ആയിരുന്നു.സമ്മേളന നാഗരിയിലെത്തിയ സമരഭടന്മാർക്ക് വെള്ളമെത്തിച്ചു കൊടുക്കുക എന്ന ഉത്തരാവാദിത്തം ആയിരുന്നു ജാലിയൻ വാലാബാഗിൽ ഉദ്ധം സിംഗ് ചെയ്തു കൊണ്ടിരുന്നത്.കൂട്ടക്കൊലക്ക് ശേഷം കഷ്ട്ടിച്ചു രക്ഷപ്പെട്ട ഉദ്ധം സിംഗ് തന്റെ ചുറ്റിലും കണ്ട കാഴ്ച കണ്ടു ഞെട്ടിത്തരിച്ചു.തന്റെ സുഹൃത്തുകളടക്കം ഒരുപാട് പേർ ചോരയിൽ മുങ്ങി കിടക്കുന്നു.കിണറ്റിൽ മൃതദേഹങ്ങൾ കുമിഞ്ഞു കിടക്കുന്നു .ആ ദാരുണ ദൃക്ഷ്യം കണ്ടു പൊട്ടിക്കരയേണ്ട ആ പിഞ്ചു ബാല്യം പക്ഷെ അന്ന് കരഞ്ഞില്ല ,രക്തത്തിൽ കുതിർന്ന ഒരു പിടി മണ്ണ് കൈക്കുള്ളിലെടുത്തു ഉദ്ധം സിംഗ് തൊട്ടടുത്ത സുവർണ ക്ഷേത്രത്തിലേക്ക് ഓടി.സിഖ് മത വിശ്വാസികൾ പുണ്യ തീർത്ഥമായി കരുതുന്ന ക്ഷേത്രകുളത്തിൽ മുങ്ങി ആ കൊച്ചു ഉദ്ധം ഒരു പ്രതിജ്ഞയെടുത്തു.
'ഈ കൂട്ടക്കുരുതിക്ക് ഞാൻ പകരം ചോദിച്ചിരിക്കും'
ലക്ഷ്യം നിറവേറ്റാനുള്ള ശക്തി തരണമേ എന്നവൻ മനസ്സുരുകി പ്രാർത്ഥിച്ചു.
വർഷങ്ങൾ കഴിഞ്ഞു...ഉദ്ധം സിംഗ് യുവാവായപ്പോൾ പഞ്ചാബിൽ ശക്തിയാര്ജിച്ച വിപ്ലവ സംഘടനയിൽ അംഗമായി.ആയുധം കൈവശം വെച്ചതിനു അറെസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു .
ജയിലിൽ നിന്നിറങ്ങിയ ഉദ്ധം സിംഗിനെ കാത്തിരുന്നത് മറ്റൊരു ദുരന്ത വാർത്തയായിരുന്നു.തന്റെ രാഷ്ട്രീയ ഗുരുവും നേതാവുമായിരുന്ന ഭഗത് സിംഗിനെ തൂക്കിലേറ്റിയ വാർത്തയായിരുന്നു അത്.
ഭഗത് സിംഗിന്റെ മരണവാർത്ത ഉദ്ധം സിംഗിനെ ശരിക്കും തകർത്തു.തന്റെ മരണവും അടുത്തെന്നും അതിന് മുൻപ് പ്രതികാരം ചെയ്തു തീർക്കണമെന്നും അവൻ നിശ്ചയിച്ചു
സിഖുകാർ വളരെ പവിത്രമായി കൊണ്ട് നടക്കുന്ന നീട്ടിയ മുടിയും താടിയും ഉപേക്ഷിച്ചു ഒരു ബ്രിട്ടീഷ് യുവാവിന്റെ ശരീരപ്രകൃതിയുമായി അയാൾ ലണ്ടനിലേക്ക് യാത്ര തിരിച്ചു.
പല രാജ്യങ്ങൾ താണ്ടി ഒടുവിൽ ലണ്ടനിലെത്തിയ ഉദ്ധം സിംഗ് അവിടെ പലവിധ ജോലികളിലും ഏർപ്പെട്ട് മാന്യമായ ഒരു ജീവിതം കെട്ടിപ്പടുത്തു.വിവിധ തൊഴിലുകളിൽ ഏർപ്പെട്ട ഇന്ത്യൻ ,ബ്രിട്ടീഷ് യുവാക്കളുമായൊക്കെ ഉദ്ധം ചങ്ങാത്തത്തിലായി.ആ സൗഹൃദം ഉപയോഗിച്ച് ഒരു ബ്രിട്ടീഷ് സുഹൃത്തിന്റെ കയ്യിൽ നിന്ന് തോക്ക് കരസ്ഥമാക്കിയ ഉദ്ധം തന്റെ അവസരത്തിനായി കാത്തിരുന്നു.
1940 മാർച്ച്‌ മാസം പതിമൂന്നാം തിയ്യതി,
കാസ്റ്റൺ ഹാളിൽ വിശിഷ്ടാതിഥിയായി മൈക്കൾ ഡയർ പങ്കെടുക്കുന്ന ഒരു പരിപാടി നടക്കുന്നു എന്നറിഞ്ഞ ഉദ്ധം തന്റെ പ്രതികാരദിവസം നിശ്ചയിക്കുന്നു.കോട്ടിനുള്ളിൽ തോക്കൊളുപ്പിച്ചു കാസ്റ്റൺ ഹാളിൽ കടന്ന ഉദ്ധം സിംഗ് ആൾക്കൂട്ടത്തിനിടയിൽ വെച്ച് മൈക്കൾ ഡയറിനെ കണ്ടു പിടിക്കുന്നു.അയാൾക്ക് നേരെ നടന്നടുത്ത ഉദ്ധം അയാളുടെ തൊട്ട് പുറകിലായി നിന്നു .
'തന്റെ ജനതയുടെ പോരാട്ട വീര്യം തല്ലിക്കെടുത്തിയ,നിരായുധരായ പ്രാണന് വേണ്ടി യാചിച്ച തന്റെ സഹോദരന്മാരുടെ നേർക്ക് നിറയൊഴിക്കാൻ ഉത്തരവിട്ട ആ ബ്രിട്ടീഷ് ഉദ്യോഗസ്ഥനിതാ തന്റെ മുന്നിൽ നിൽക്കുന്നു,നീണ്ട 21 വർഷത്തിന് ശേഷം ഞാനിതാ എന്റെ പ്രതികാരം നിറവേറ്റാൻ പോകുന്നു '
"സൊ ...മൈക്കൾ "
മൈക്കൾ ഡയർ തിരിഞ്ഞു നിന്ന് ഉദ്ധം സിംഗിനെ നോക്കി പുഞ്ചിരിച്ചു.ഉദ്ധം കോട്ടിൽ നിന്ന് തോക്കെടുത്തു അയാൾക്ക് നേരെ വെടിയുതിർത്തു .ഒന്നല്ല ,പല തവണ..
***
അമൃത്സർ പട്ടണത്തിൽ സുവർണ ക്ഷേത്രത്തിനു തൊട്ടടുത്താണ് ജാലിയൻ വാലാബാഗ് സ്ഥിതി ചെയ്യുന്നത്.പ്രവേശന ഫീസ് ഒന്നും തന്നെയില്ല.ജനറൽ ഡയർ തന്റെ പട്ടാളക്കാരയും കൊണ്ട് മാർച്ച്‌ ചെയ്തു വന്ന ആ ഇടുങ്ങിയ പാതയിലൂടെ തന്നെ ഞാനും ജാലിയൻ വാലാബാഗ് മൈതാനത്തേക്ക് പ്രവേശിച്ചു .കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ 'ഇവിടെ വെച്ചാണ് പട്ടാളം വെടിയുതിർത്തത് 'എന്നെഴുതി വെച്ച ബോർഡ്‌ കണ്ടു.അവിടെ നിന്ന് കൊണ്ട് തന്നെ മൈതാനത്തിന്റെ ഏകദേശ ചിത്രം മനസ്സിലാക്കി.തൊട്ട് മുൻപിൽ നിരായുധരായി നില്കുന്ന ഒരു പറ്റം സ്വാതന്ത്ര്യ സമര സേനാനികളെ ഞാൻ കണ്ടു,വെടിയേറ്റ് വീഴുന്നവർ,അലറി വിളിച്ചു ആ കാണുന്ന കൂറ്റൻ മതിൽ ചാടി കടക്കാൻ ഒരു വിഫല ശ്രമം നടത്തുന്നവർ,ഇടത് വശത്തുള്ള കിണറിലേക്ക് എടുത്തു ചാടുന്നവർ.......
കുറച്ചു ദൂരം കൂടി മുന്നോട്ട് പോയി മൈതാനത്തിന്റെ ഒരറ്റത്ത് എത്തിയപ്പോൾ ഉയർന്നു നിൽക്കുന്ന മതിലുകൾ കണ്ടു .മതിലുകളിൽ വെടിയുണ്ടകൾ കൊണ്ട പാടുകൾ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു.ഒരു ദുരന്തമുഖത്തിന് സാക്ഷിയായി നെഞ്ചിൽ വെടിയുണ്ടകളും പേറി ഇന്നും അചഞ്ചലമായി നിൽക്കുന്ന ആ മതിലിനു സമീപത്തു കൂടെ രക്തസാക്ഷി കിണർ എന്ന് പേരിട്ടിരിക്കുന്ന ആ കിണറിനരികിലേക്ക് നടന്നു.ജീവൻ രക്ഷാർത്ഥം ഇതിലേക്കാണ് ആളുകൾ എടുത്തു ചാടിയത് .ഇതിൽ വെച്ചാണ് നൂറുകണക്കിനാളുകൾ ശ്വാസം മുട്ടി മരിച്ചത്.വെള്ളം വറ്റി കിടക്കുന്ന ആ കിണറിന്റെ സമീപത്തു കൂടെ നേരെ രക്തസാക്ഷി ഗാലറിയിലേക്ക് ..
പ്രതീക്ഷിച്ചത് പോലെ കണ്ണിന് മുന്നിൽ ആദ്യം ഉടക്കിയ ചിത്രം വിപ്ലവകാരി ഉദ്ധം സിങിന്റേത് തന്നെ .ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ചരിത്രവും ഛായാചിത്രങ്ങളും ചുമരിൽ തൂക്കിയിട്ടിരിക്കുന്നു.
രക്തസാക്ഷി ഗാലറിക്ക് പുറത്ത് ടൈൽസ് തറയിലിരുന്ന് കണ്ട കാഴ്ചകൾ കുറിച്ച് വെക്കാനായി ഡയറിയും പേനയും എടുത്തു .
മൈക്കിൾ ഡയറിനെ വെടിവെച്ചു കൊന്നതിനെ തുടർന്ന് ബ്രിട്ടീഷുകാർ തൂക്കി കൊല്ലാൻ വിധിച്ച ഉദ്ധം സിംഗ് മരിക്കുന്നതിന് മുൻപ് പറഞ്ഞ വാക്കുകൾ തന്നെ ഞാൻ അതിൽ ആദ്യം എഴുതി
'ഞാൻ അയാളെ കൊന്നു,അയാൾ അതർഹിക്കുന്നു.കഴിഞ്ഞ 21 വർഷവും ഞാൻ പ്രതികാരം കൊണ്ട് നടക്കുകയായിരുന്നു.ഞാൻ എന്റെ കടമ പൂർത്തിയാക്കി,അതിൽ സന്തോഷിക്കുന്നു.
മരണത്തെ എനിക്ക് ഭയമില്ല.ബ്രിട്ടീഷ് ഭരണത്തിൽ ദുരിതമനുഭവിക്കുന്ന ഒരുപാട് ജനങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.ഞാൻ അതിനെതിരെ പ്രതികരിച്ചു.രാജ്യത്തിനു വേണ്ടി തൂക്കിലേറുന്നതിലും മഹത്തായ വേറെന്താണ് എനിക്ക് ലഭിക്കാനുള്ളത് ?'
1940 ജൂലൈ 31 നു ഉദ്ധം സിംഗ് എന്ന വിപ്ലവകാരിയെ ബ്രിട്ടീഷുകാർ തൂക്കി കൊന്നു.
മതത്തിന്റെ പേരിൽ പരസ്പരം കടിപിടി കൂടുന്ന കാലഘട്ടത്തിൽ തന്നെ സ്വന്തം പേരിൽ എല്ലാ മതങ്ങളെയും ഉൾക്കൊള്ളിച്ചു റാം മുഹമ്മദ്‌ സിംഗ് ആസാദ് എന്ന പേര് സ്വീകരിച്ചു നിർഭയം തൂക്കുമരത്തിലേക്ക് നടന്നു കയറിയ ആ ധീര ദേശാഭിമാനിക്ക് പ്രണാമം....
ഇൻക്വിലാബ് സിന്ദാബാദ്
*****60 ഒരു ചെറിയ തുകയല്ല *****
-----------------------------------------------------------------------
ജോലി സംബന്ധമായ ഒരാവശ്യത്തിന് ബാവലിയിൽ എത്തിയതാണ്. കർണാടകയോട് ചേർന്ന് നിൽക്കുന്ന കേരളത്തിലെ ഒരതിർത്തി ഗ്രാമം. പൊങ്കൽ ആയതിനാൽ വയനാട് ജില്ലയിൽ ഇന്ന് പൊതു അവധിയാണ്. ബാവലി എത്തിയ സ്ഥിതിക്ക് സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒക്കെ ഒന്ന് കാണാമെന്നു വെച്ചു. ഗൂഗിളിൽ പരതിയപ്പോൾ എല്ലാം പലതവണ പോയ സ്ഥലങ്ങൾ, കണ്ടു മടുത്ത കാഴ്ചകൾ.
ബാവലി അങ്ങാടിയിൽ നിന്ന് വലത്തോട്ട് ഒരു പൊട്ടി പൊളിഞ്ഞ റോഡ് കണ്ടപ്പോൾ വണ്ടി അങ്ങോട്ട്‌ തിരിച്ചു. ഏതെങ്കിലും ഗ്രാമത്തിലേക്കുള്ള റോഡായിരിക്കണം. കുറച്ചു ദൂരം ബൈക്കോടിച്ചു മുന്നോട്ടു പോയപ്പോൾ വിചാരിച്ച പോലെ തന്നെ മനോഹരമായ ഒരു ഗ്രാമം.
നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന നെൽവയലുകൾ, മരക്കൊമ്പുകളിൽ ചെറിയ ചെറിയ ഏറുമാടങ്ങൾ, കളമുഴുകുന്ന ട്രാക്ടറും കുറേ കർഷകരും, ചളിയിൽ നിന്ന് മീൻ കൊത്തി പറന്നകലുന്ന കൊക്കുകൾ. കണ്ണിനു കുളിര്മയേകുന്ന തനത് ഗ്രാമീണ കാഴ്ച.
നട്ടുച്ച, വെയിലിനു നല്ല ചൂട്. കുറച്ചു സമയം വിശ്രമിക്കാം. വിശാലമായ ഒരു പാടത്തിനു സമീപം ബൈക്കടുപ്പിച്ചു നിർത്തി.
കുറച്ചകലെയായി ഒരു ചേട്ടൻ പാടത്തിൽ വരമ്പ് കീറുന്നു. കയ്യിൽ ഭക്ഷണ പാത്രങ്ങളുമായ് ഒരു ചേച്ചി നടന്നടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ആയിരിക്കണം.
പെട്ടെന്ന് വേറെന്തൊക്കൊയോ ഓർമ വരുന്നു.....
ഓർമ്മകൾ... അതെന്നെയും കൊണ്ടങ്ങനെ പോകുകയാണ്. എത്ര ദൂരം പോകുമായിരിക്കും. ആവോ... അറീല്ല. സാദാരണ അധികദൂരമൊന്നും എത്താറില്ല.
കന്നാട്ടിയിലെ നെൽവയലാണ് മുന്നിൽ. മാവിൻ കൊമ്പിലാണ് ഞാനിരിക്കുന്നത്. കുറുപ്പിന്റെ കടയുടെ പുറകിലെ ഉപ്പ് ചാക്കിൽ നിന്ന് വാരിയ കുറച്ചു കല്ലുപ്പ് കയ്യിലുണ്ട്. പാടത്തു ഉപ്പ മാത്രമേ ഉള്ളൂ. നെൽവിത്ത് ഇടുന്നതിനു മുൻപ് പാടം നന്നായി ഉഴുതു മറിക്കണം.അങ്ങ് ദൂരെ നിന്ന് ഉമ്മ വരുന്നത് കാണാം.കയ്യിലെ ചോറ്റു പാത്രത്തിൽ ചക്ക പുഴുങ്ങിയതും മാങ്ങ ചമ്മന്തിയും ആയിരിക്കും...
ഓർമകളെ...................
ഒരപരിചിതൻ പെട്ടെന്ന് ബൈക്ക് നിർത്തി തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാകണം അത് വരെ പാടത്തു പണിയെടുത്തു കൊണ്ടിരുന്ന ചേട്ടൻ എന്നോട് എന്തൊക്കെയോ ചോദിക്കുന്നു. കന്നഡ യിലാണ്. ഒന്നും മനസ്സിലാകുന്നില്ല.
ചെരുപ്പ് റോഡരികിൽ വെച്ച് ഞാൻ മൂപ്പരുടെ അടുത്തേക്ക് ചെന്നു. മാനന്തവാടി യിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ സംസാരം മലയാളത്തിലായി.
നെൽകൃഷിയെ പറ്റിയും രാത്രി ആനയിറങ്ങി കൃഷി നശിപ്പിക്കുന്നതിനെ പറ്റിയുമൊക്കെയാണ് പറയുന്നത്. രാത്രി സമയങ്ങളിൽ തീപ്പന്തവും പടക്കവുമൊക്കയെടുത്തു അവർ ഏറുമാടത്തിൽ താമസിക്കും. എത്ര ശ്രദ്ധിച്ചാലും കുറെയൊക്കെ ആന നശിപ്പിക്കും. എത്ര നഷ്ടം വന്നാലും അടുത്ത തവണ വീണ്ടും വിത്തിറക്കും.
"മ്മളെ വലിയുപ്പമാരുടെ കാലം തൊട്ടേ വിത്തിറക്കുന്നതല്ലേ, നഷ്ടമാണെന്ന് കരുതി അതൊക്കെ നിർത്താൻ പറ്റോ"
ഉപ്പയുടെ ശബ്ദമാണ്. വർഷാവർഷം നഷ്ടമായിട്ടും അവർ വീണ്ടും പാടത്തു വിത്തിറക്കുന്നു., ഒരു കാർഷിക പാരമ്പര്യത്തിന്റെ വേരുകൾ അറ്റ് പോകാതിരിക്കാൻ
ദാഹജലം ചോദിച്ചപ്പോൾ വലിയൊരു പാത്രത്തിൽ കഞ്ഞിവെള്ളം കൊണ്ട് തന്നു. പിന്നെ ഭക്ഷണം കഴിച്ചു പോയാൽ മതിയെന്നായി. നന്നായി വിശപ്പുണ്ടായിട്ടും ഇപ്പോ കഴിച്ചതേയുള്ളൂ എന്ന് കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ കൊണ്ട് വന്ന ഭക്ഷണ പാത്രത്തിൽ കഷ്ടിച്ച് രണ്ടു പേർക്ക് കഴിക്കാൻ പോലും ഭക്ഷണം കാണില്ല എന്നുറപ്പാണ്.
അവരോടു യാത്ര പറഞ്ഞു വീണ്ടും മുന്നോട്ടു. ഒരു ചെറിയ കാട്ടിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ആ വഴി കുറച്ചു കൂടെ മുന്നോട്ടു പോയപ്പോൾ ബൈരക്കുപ്പ എന്ന സ്ഥലത്തെത്തി. തൊട്ടടുത്തു തന്നെ അതി മനോഹരമായ ഒരു പുഴ.
പുഴയുടെ മറുകരയിലേക്ക് പോകാൻ കടത്തു തോണികൾ ഉണ്ട്.അഞ്ചു രൂപയാണ് കടത്തു കൂലി.
തോണിയിൽ കയറിയിട്ട് വർഷങ്ങൾ ഒരുപാടായി.തോണി യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.അക്കരെ പോയി തിരിച്ചു ഇക്കരെയെത്തിയിട്ടും യാത്ര മതിയാകാത്തത് പോലെ. കാഴ്ചകൾ എല്ലാം ക്യാമറ കണ്ണുകളിലൂടെ മാത്രം കണ്ടതിനാൽ ശരിക്കും അങ്ങട് ആസ്വദിക്കാൻ പറ്റിയില്ല.
ഒരു തവണ കൂടി അക്കരേക്ക്.....
ഒരു വലിയ ഇരുമ്പ് പാത്രം പോലുള്ള ചെറു തോണിയിൽ രണ്ടു ബൈക്ക് അക്കരെ നിന്നും കൊണ്ട് വരുന്നത് അത്ഭുദത്തോടെ നോക്കി നിന്നു.
20രൂപ കൊടുത്തു ഒരടിപൊളി തോണിയാത്ര നടത്തി അടുത്ത സ്ഥലത്തേക്ക് യാത്രയായി.
ബൈരക്കുപ്പയിൽ നിന്ന് മൈസൂർ ഹൈവേ യിൽ കയറി കാടിനുള്ളിലൂടെ അന്തർസന്തേ എന്ന സ്ഥലത്തേക്ക്. പോകുന്ന വഴി ആനയും കുരങ്ങനും മാനുമെല്ലാം ഇടക്കിടക്ക് പ്രത്യക്ഷപ്പെട്ടു.
കാട് കഴിഞ്ഞയുടനെ ഫോറെസ്റ്റ് ചെക്ക് പോസ്റ്റാണ്. വൈകിട്ട് 6. 30 ന് ഗേറ്റ് അടച്ചാൽ പിന്നെ തിരിച്ചു വരവ് ബുദ്ധിമുട്ടാകും. ഗേറ്റ് കടന്നയുടൻ വലത്തോട്ടെക്ക് ഒരു മൺറോഡ് കണ്ടു. ഒരു ജീപ്പിനു കഷ്ട്ടിച്ചു പോകാം. അടുത്തടുത്തു കിടക്കുന്ന വീടുകളുള്ള ഒരു കോളനിക്കരികിൽ റോഡ് അവസാനിക്കുകയാണ്. തിരിച്ചു പോരാൻ തോന്നിയില്ല. വീടിനു മുന്നിലൂടെ കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോൾ അതിമനോഹരമായ ഒരു സ്ഥലത്താണ് എത്തിച്ചേർന്നത്.
കബനി നദിയുടെ ഭാഗമാണ്. പീച്ചന ഹള്ളി ഡാമിന്റെ കീഴിലാണ് ഇതു വരുന്നത്. കടും നീല നിറത്തിൽ പരന്നു കിടക്കുന്ന വെള്ളക്കെട്ടിന് സമീപത്തു നോക്കെത്താ ദൂരത്തിൽ നീണ്ടു കിടക്കുന്ന പച്ച പുതച്ച തായ്‌വര. ഒരൊറ്റ മനുഷ്യ ജീവി പോലുമില്ല. ശരിക്കും ഒരു സ്വപ്നലോകത്തു എത്തിപ്പെട്ടത് പോലെ
അറ്റം കാണാത്ത ആ പുൽമേട്ടിലൂടെ വെള്ളക്കെട്ടിന്റെ ഓരം പറ്റി ഞാൻ ബൈക്ക് ചീറി പായിച്ചു. ഒരു വല്ലാത്ത അനുഭൂതി. കേൾക്കാൻ ഒട്ടും ഇമ്പമില്ലാത്ത എന്റെ വൃത്തികെട്ട ശബ്ദത്തിൽ ഞാൻ ഉറക്കെ പാട്ടുകൾ പാടി. കൈ രണ്ടും വിട്ടു ബൈക്ക് ഓടിക്കാൻ തോന്നുന്നു. വേണ്ട.. അത്ര ആവേശം വേണ്ട.
കുറച്ചു ദൂരം അങ്ങനെ പോയപ്പോൾ ദൂരത്തായി ഒരു കുട്ടവഞ്ചിയും അതിനകത്തു പങ്കായത്തിൽ തല വെച്ച് കിടന്നുറങ്ങുന്ന ഒരു വൃദ്ധനും.
ഹേ... ഒരു മനുഷ്യ ജീവിയെ കണ്ട സന്തോഷത്തിൽ ബൈക്ക് നിർത്തി മൂപ്പരുടെ അടുത്ത് ചെന്നു.ഞാൻ മലയാളത്തിലും മൂപ്പർ കന്നടയിലും എന്തൊക്കെയോ സംസാരിച്ചു.ഞങ്ങൾക്ക് രണ്ടു പേർക്കും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്.അല്ലെങ്കിലും ആശയവിനിമയത്തിന് ചിലപ്പോൾ ഭാഷക്ക് വല്യ സ്ഥാനം ഉണ്ടാകാറില്ലല്ലോ.
സ്വാമി... അതാണ്‌ മൂപ്പരുടെ പേര്.ഒരു പക്ഷെ സ്വാമി എന്നത് അദ്ദേഹത്തിന്റെ പേരല്ലായിരിക്കും.ഞാൻ മനസ്സിലാക്കിയതിൽ തെറ്റ് പറ്റിയതുമാകാം.
എന്നാലും ഞാൻ പിന്നീട് അവരെ സ്വാമി എന്നാണ് വിളിച്ചത്.ഓരോ തവണ വിളിക്കുമ്പോഴും കഞ്ചാവിന്റെ മണം വായുവിലേക്ക് തള്ളി അദ്ദേഹം നിഷ്കളങ്കമായി ചിരിച്ചു കൊണ്ടിരുന്നു.
ഇപ്പോൾ നിൽക്കുന്ന പുൽമേടിന് നേരെ എതിർവശം ഒരു ഗ്രാമം കാണാം. അവിടെയുള്ള ഗ്രാമവാസികളെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കാനുള്ള കുട്ടവഞ്ചിയാണിത്. വര്ഷങ്ങളായി സ്വാമി ഇവിടുത്തെ കടത്തുകാരനാണ്. രാവിലെയും വൈകുന്നേരവും നല്ല തിരക്ക് കാണും. പിന്നെ ഇടക്കിടക്ക് കുറച്ചു പേർ വന്നാലായി. അങ്ങകലെ കാണുന്ന ആ ഗ്രാമത്തിൽ തുഴഞ്ഞെത്താൻ ചുരുങ്ങിയത് ഒരു ഇരുപത് മിനിറ്റ് എങ്കിലും വേണം. 20 രൂപയാണ് കടത്തു കൂലി
കുറച്ചു കഴിഞ്ഞപ്പോൾ ഗ്രാമത്തിലുള്ള അഞ്ചാറുപേർ വന്നു. അങ്ങനെ ഞങ്ങൾ കുട്ടവഞ്ചിയിൽ മരുകരക്ക് പോകുകയാണ്.
കുട്ടവഞ്ചി യാത്ര ആദ്യമായിട്ടാണ്. തോണി പോലെയല്ല. നമ്മൾ ശരിക്കും വെള്ളത്തിൽ തന്നെയാണ് ഇരിക്കുന്നത്. അമർന്നിരുന്നാൽ പാന്റിന്റെ പുറകിൽ മുഴുവൻ നനയും. മുള ചീന്തിയുണ്ടാക്കിയ വഞ്ചിയുടെ ചെറിയ വിടവുകളിലൂടെ വെള്ളം അകത്തേക്ക് അരിച്ചു കയറുന്നു. യാത്രക്കാരിൽ ഒരാൾ ആ വെള്ളം ഇടക്കിടക്ക് മുക്കി പുറത്തേക്കു കളയുന്നുണ്ട്.
ഞങ്ങൾ ഏകദേശം വെള്ളത്തിന്റെ നടുഭാഗത് എത്തിയപ്പോൾ കുട്ട വഞ്ചി വല്ലാതെ ഉലയുന്നുണ്ട്. അങ്ങ് ദൂരെ ഒരു പൊട്ട് പോലെ എന്റെ ബൈക്ക് കാണാം. ഈ വിശാലമായ ലോകത്തു ഓളപരപ്പിനു മുകളിൽ ഒരു കുട്ട വഞ്ചിയും കുറച്ചു അപരിചിതരും. പേടി ശക്തമായപ്പോൾ ഞാൻ കണ്ണുകൾ അടച്ചു. കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ്‌ തലയിൽ വെച്ചു. (എന്ത് കാര്യത്തിന് !!!!!).
"പേടി വേണ്ട.. പേടി വേണ്ട"
സഹയാത്രികരിൽ ആരുടെയോ ശബ്ദം
അങ്ങനെ മറുകരയെത്തി...
കുറച്ചു സമയം അവിടെ ചെലവഴിച്ചു വീണ്ടും വഞ്ചിയിൽ കയറി. ഇത്തവണ ഞാൻ മാത്രമേ ഉള്ളൂ.
ഇങ്ങോട്ട് വന്നപ്പോൾ ഉണ്ടായ പേടിയൊക്കെ മാറി. ഇരു കൈകളും വെള്ളത്തിൽ ഇട്ടു ഒരു പ്രണയ ഗാന രംഗത്തിൽ അഭിനയിക്കുന്ന നായകനെ പോലെ മറുകര ലക്ഷ്യമാക്കി നീങ്ങി..
കരയിലേക്ക് എത്താറായപ്പോൾ സ്വാമി കുട്ട വഞ്ചി ഒന്ന് കറക്കി. ആഞ്ഞു ആഞ്ഞു തുഴഞ്ഞപ്പോൾ ഒരു പമ്പരം പോലെ വഞ്ചി വെള്ളത്തിൽ കിടന്നു കറങ്ങി.
സ്വാമീ..........
വെറും 60 രൂപയ്ക്കു ഒരുപിടി നല്ല ഓർമകളുമായി തിരിച്ചു വയനാട്ടിലെക്ക്