ഹിഡിംബിയും ഭീമനും പിന്നെ ഘടോൽക്കചനും.. 
--------------------------------------------------------------------------------------
#hadimba_temple
#manali
--------------------------------------------------------------------------------------
#hadimba_temple
#manali
ഹിഡിംബിയെ അറിയില്ലേ...
ഹിഡിംബിയെ പറ്റി പറയുന്നതിന് മുൻപ് അവരുടെ ഭർത്താവ് ഭീമനെ കുറിച്ച് പറയണം. കയ്യിൽ ഗദയുമേന്തി കുരുക്ഷേത്ര ഭൂമിയിൽ സംഹാര താണ്ഡവം നടത്തിയ മഹാഭാരതത്തിലെ ഭീമനെ കുറിച്ചല്ല പറഞ്ഞു വരുന്നത്,അധികാരവും രാജ്യവും നഷ്ട്ടപ്പെട്ടു കാനന വാസത്തിനു തിരിച്ച, പ്രണയവും ദുഖവും സ്നേഹവും കാമവുമടക്കം എല്ലാ വികാരങ്ങളുമുള്ള രണ്ടാമൂഴത്തിലെ ഭീമനെ കുറിച്ചാണ്. ഇവർ രണ്ടും ഒന്നല്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. മഹാഭാരത കഥയിലെ ദൈവികത്വം ഒരിക്കലും രണ്ടാമൂഴത്തിൽ നോക്കിയാൽ കാണില്ല. ഈ കാര്യത്തിൽ ശശികല പറഞ്ഞത് തന്നെയാണ് ശരി, രണ്ടാമൂഴം ഒരിക്കലും മഹാഭാരതം ആകില്ല!
പറഞ്ഞു വന്നത് ഹിഡിംബിയെ കുറിച്ചാണ്. വനവാസത്തിനു പോയ പാണ്ഡവരെ ഹിമാലയൻ തായ്‌വാരത്തിലെ ഘോര വനത്തിൽ വെച്ചു ഹിഡിംബ എന്ന രാക്ഷസൻ ആക്രമിക്കുന്നു. ശക്തമായ പോരാട്ടത്തിൽ ഭീമൻ ഹിഡിംബനെ വധിക്കുന്നു.ഹിഡിംബൻറെ സഹോദരി ഹിഡിംബി ഭീമനുമായി പ്രണയത്തിലാകുകയും ഭീമൻ അവരെ വിവാഹം കഴിക്കുകയും അവർക്ക് ഒരു പുത്രൻ ഉണ്ടാകുകയും ചെയ്യുന്നു. ഭീമ പുത്രനായ ഘടോൽക്കചൻ കുരുക്ഷേത്ര യുദ്ധത്തിൽ രാക്ഷസ സൈന്യവുമായെത്തി കൗരവരെ തുരത്തിയോടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു .യുദ്ധത്തിൽ ഘടോത്കചൻ കൊല്ലപ്പെടുകയും പിന്നീട് കുരുക്ഷേത്ര യുദ്ധ ശേഷം പാണ്ഡവർ സ്വരാജ്യത്തേക്ക് മടങ്ങി പോകുകയും ചെയ്യുന്നു.
എന്നാൽ പാണ്ഡവരോടൊപ്പം പോകാൻ രാക്ഷസി സ്ത്രീയായ ഹിഡിംബി തയാറായില്ല. അവർ ഹിമാലയൻ തായ്‌വാരത്തിലെ മണാലിക്കടുത്ത ഘോര വനത്തിൽ വർഷങ്ങൾ നീണ്ട തപസ്സിരിക്കുകയും പിന്നീട് ഹിഡിംബി ദേവി ആയി മാറുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം ഹിഡിംബി തപസ്സിരുന്ന വനത്തിൽ അവർക്ക് വേണ്ടി AD 1553 ൽ ഒരു ക്ഷേത്രം പണിയുകയും അതിനു ഹിഡിംബി ദേവി ക്ഷേത്രം എന്ന് പേരിടുകയും ചെയ്തു. പിന്നീട് അത് ഹഡിംബ ദേവി ക്ഷേത്രം എന്നായി മണാലിയിലെ പ്രശസ്തമായ സഞ്ചാര കേന്ദ്രമായി മാറുകയും ചെയ്തു.
മുകളിൽ പറഞ്ഞത് ഹഡിംബ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. സത്യമോ മിത്തോ, എന്തും ആകട്ടെ. അതിനെ അതിന്റെ വഴിക്ക് വിടാം
ഹിഡിംബി തപസിരുന്നു എന്ന് പറയപ്പെടുന്ന ഘോര വനത്തിലിരുന്നാണ് ഞാൻ ഇതെഴുതുന്നത്. മണാലി വന്നവർ ആരും ഹഡിംബ ക്ഷേത്രം കാണാതെ തിരിച്ചു പോകുകയില്ല.500 വർഷങ്ങൾക്ക് മുൻപ് പണിത ക്ഷേത്രത്തിൽ കാര്യമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല. ചരിത്ര സ്മാരകങ്ങൾ അത് പോലെ സംരക്ഷിക്കുമ്പോഴല്ലേ അതിന് പ്രസക്തി ഉണ്ടാവുള്ളു..
മൂന്ന് തട്ടുകൾ ആയി മരവും കരിങ്കല്ലും സമ്മിശ്രമാക്കിയാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൂടുതലും മരത്തടികൾ കൊണ്ടാണെന്ന് തന്നെ പറയാം. മേല്പുരയും വലിയ മരക്കഷണങ്ങൾ കൊണ്ട് മേഞ്ഞിരിക്കുകയാണ്. മരവും കരിങ്കല്ലും അല്ലാതെ വേറെ നിർമാണ വസ്തുക്കൾ ഒന്നും തന്നെ ക്ഷേത്രത്തിൽ ഇല്ല. ക്ഷേത്ര ചുമരുകളിൽ മാനിന്റെയും പോത്തിന്റെയും തലയോട്ടികളും കൊമ്പുകളും തൂക്കിയിട്ടിരിരിക്കുന്നു. ഹിഡിംബി ഒരു രാക്ഷസ സ്ത്രീ ആയത് കൊണ്ടായിരിക്കണം.!!
ക്ഷേത്രത്തിന്റെ മുൻവശം തീർത്തും മരം കൊണ്ട് നിർമിച്ചതാണ്. മരചുമരിൽ വിവിധ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത് ഒരു പൂജാരി ഇരിക്കുന്നുണ്ട്, ദേവിയുടെ പ്രതിഷ്ഠ കാണാൻ വരുന്നവർ അദ്ദേഹത്തിന് സംഭാവനകൾ കൊടുക്കുന്നു.
ഹഡിംബ ക്ഷേത്രത്തിനു കുറച്ചു മാറി ഭീമ പുത്രൻ ഘടോല്കചന്റെ പേരിൽ ചെറിയൊരു അമ്പലവും ഉണ്ട്.
ക്ഷേത്രം നടന്നു കണ്ട് ഞാൻ പുറകിൽ ഉള്ള വനത്തിലേക്ക് കടന്നു. ക്ഷേത്രം കാണാൻ വരുന്ന സഞ്ചാരികൾ ഭൂരിഭാഗവും ക്ഷേത്രം കണ്ട് ഹഡിംബ പശ്ചാത്തലമാക്കി ചിത്രങ്ങൾ എടുത്ത് തിരിച്ചു പോകാറാണ് പതിവ്. അതിനാൽ തന്നെ വനത്തിൽ ആളുകൾ തീരെ കുറവ്, ഒട്ടും ഇല്ല എന്ന് തന്നെ പറയാം.
കുറച്ചുള്ളിലേക്ക് നടന്നു ശാന്തമായി ഇരിക്കാൻ പറ്റിയ ഒരു പാറയിൽ ഇരിപ്പുറപ്പിച്ചു. ഈ വനത്തിലാണ് ഹിഡിംബ ഹിഡിംബി രാക്ഷസർ ജീവിച്ചിരുന്നത്. ആ കാണുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ എവിടെയെങ്കിലും വെച്ചായിരിക്കും ഭീമൻ ആ രാക്ഷസനെ ഗദക്കടിച്ചു വീഴ്ത്തിയിട്ടുണ്ടാകുക. 'കുളം വൃത്തിയായി തന്നെ സൂക്ഷിക്കുക' എന്ന ബോർഡിന് താഴെ ആരും കാണാതെ പുൽകാടുകളാൽ മൂടിയിരിക്കുന്ന ആ കുളത്തിൻ കരയിൽ വെച്ചായിരിക്കണം ഭീമൻ ആ രാക്ഷസ സ്ത്രീയുമായി ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാവുക.
നേരം കുറച്ചായി ഈ പാറയിൽ ഇരിക്കാൻ തുടങ്ങിയിട്ട്.
പോകാൻ സമയമായി,
പോകാൻ സമയമായി,
വനത്തിലേക്ക് ഭീമ ചരിതവും തേടി ചില കോളേജ് വിദ്യാർത്ഥികൾ കടന്നു വരുന്നുണ്ട്. ആളൊഴിഞ്ഞ മൂലയിലെ കരിങ്കൽ പാറകളിലെ കുടമറക്കുള്ളിൽ ഇരുന്ന് അവർ പുതിയ കാലത്തിന്റെ ഭീമ ഹിഡിംബി പ്രണയ കാവ്യം തീർക്കുകയാണ്...





No comments:
Post a Comment