Monday, 5 August 2019

ഒരു ഇഡ്ഡലി കഥ... 
---------------------------------
"നീങ്ക പേര് സുഗു മട്ടും താനേ,അതോ സുകുമാരനോ ??"
"സുഗു ന്ന് മാത്രം"
"അപ്പടി ,നാൻ ഒരു സ്വയം സേവകൻ ,സെവൻ ഡേയ്‌ ട്രെയിനിങ് ഒക്കെ പോയിർക്ക് "
"ആഹാ ..ഉഷാറാണല്ലോ"
ഷീറ്റിട്ട് മേഞ്ഞ ആ ചെറിയ വീടിന്റെ ഉമ്മറപ്പടിയിലിരുന്ന് ആ വൃദ്ധൻ വീണ്ടും വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു...തൊട്ടരികിലായി വേറെയും രണ്ട് പേർ ഇരിക്കുന്നുണ്ട് .സംസാരിച്ചു നിൽക്കാനൊന്നും സമയമില്ല എന്ന മട്ടിൽ ആർത്തിയോടെ അവർ ബീഡികുറ്റി പുകച്ചു തിന്നുകയാണ് .ഒരാളുടെ തൊട്ടടുത്തായി മദ്യകുപ്പിയിൽ മണ്ണെണ്ണ നിറച്ചു വെച്ചിരിക്കുന്നു.റേഷൻ കടയിൽ നിന്നുള്ള വരവായിരിക്കണം ,...ഈ വെളുപ്പാൻ കാലത്ത് തന്നെയോ!?
നീലയും തവിട്ടും നിറങ്ങൾ സമ്മിശ്രമായി പൂശിയ ചുമരിന്റെ മുകൾ വശത്തായി പുറത്തേക്കുന്തിയ നിലയിൽ ഒരു നാമഫലകം തൂങ്ങി നിൽക്കുന്നുണ്ട് ..ഇംഗ്ലീഷിലും മലയാളത്തിലുമായി അതിലെഴുതിയ വരികൾ ഞാൻ കണ്ടു
'ഭാഗ്യലക്ഷ്മി അമ്മാസ് രാമശ്ശേരി ഇഡ്ഡലി കട '
അതെ ...പറഞ്ഞു വരുന്നത് ഇഡ്ഡലിയെ കുറിച്ചാണ് ...ഇഡ്ഡലിയുടെ നാടായ രാമശേരിയെ കുറിച്ചും .
പാലക്കാട്‌ പൊള്ളാച്ചി ദേശീയ പാതയിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയാൽ കുന്നാച്ചിയെന്ന ചെറു പട്ടണത്തിലെത്താം ....ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രതാപകാലത്തിന്റെ സ്മരണകളും പേറി ഒരു ഗ്രാമീണ പാത അവിടെ നിന്നും ഉള്ളിലേക് വളഞ്ഞു പുളഞ്ഞു പോകുന്നുണ്ട് .ആ ഇടുങ്ങിയ പാത നേരെ ചെന്നെത്തുന്നത് തൊണ്ണൂറുകളിലെ കേരളക്കരയിലേക്കാണ് ....കരിച്ചോലയും കുത്തോലയും പാന്തോൻ കെട്ടുമൊക്കെ വാണിരുന്ന ആ ഗ്രാമക്കാഴ്ചകളിലേക്ക് തന്നെ. .
വലിയൊരങ്ങാടിയും ആൾക്കൂട്ടവും പ്രതീക്ഷിച്ചു രാമശേരിയിലെത്തിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു ക്ഷേത്രവും അതിന്റെ തൊട്ടരികിലായി രണ്ട് മൂന്ന് കടകളും മാത്രമുള്ള ചെറിയൊരു ഉൾനാടൻ ഗ്രാമത്തെയാണ്.മലയാളവും തമിഴും ഇടകലർന്നു സംസാരിക്കുന്ന കുറച്ചു ഗ്രാമീണർ കടവരാന്തകളിൽ ഇരിക്കുന്നുണ്ട് എന്നതൊഴിച്ചാൽ വേറെ ആൾക്കൂട്ടമോ ബഹളമോ ഇല്ല .ഗ്രാമീണരുടെ വീടിന്റെ മുൻവശവും വരാന്തയുമൊക്കെയാണ് കടമുറികളായി മാറിയിട്ടുള്ളത്.
അങ്ങനെയൊരു കടയിലാണ് ശങ്കരേട്ടനും ഭാര്യയും ഇഡ്ഡലി കച്ചവടം നടത്തുന്നത്.ഇപ്പോൾ കടയിരിക്കുന്ന ഭാഗം അവരുടെ വീടിന്റെ മുറ്റമോ കോലായിയോ ആയിരിക്കണം.രണ്ട് പേരും നല്ല സംസാര പ്രിയരാണ്.നിങ്ങളെ ഇഡ്ഡലി തിന്നാനായി വയനാട്ടിന്ന് വരുകയാണെന്ന് പറഞ്ഞപ്പോൾ വലിയ ആശ്ച്ചര്യപ്രകടനം ഒന്നും കാണിക്കാതെ കേട്ടതാ ...കേട്ടതാ ....ഒരുപാട് കേട്ടതാ എന്ന ഭാവത്തിൽ ഒരു പുച്ഛച്ചിരിയും പാസാക്കി അവർ അടുക്കളയിൽ നിന്നിറങ്ങി വന്നു .ശരിക്കും വയനാട്ടിൽ നിന്ന് പാലക്കാട്‌ ലക്ഷ്യമാക്കി ബൈക്കുമെടുത്തിറങ്ങുമ്പോൾ ഖസാക്കിനെ പോലെ രാമശ്ശേരിയും എന്റെ മനസ്സിലുണ്ടായിരുന്നു.
വലുപ്പത്തിലും രുചിയിലും ഉണ്ടാക്കുന്ന രീതിയിലുമെല്ലാം രാമശ്ശേരി ഇഡ്ഡലി വേറിട്ടു നിൽക്കുന്നു.കരിപ്പെട്ടിയുടെ അടിയിൽ വെക്കാറുള്ള ഇരുമ്പ് വളയങ്ങൾ പോലെ മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ വളയത്തിൽ കട്ടിനൂൽ ഒരു വല പോലെ കെട്ടി അതിന്റെ മുകളിൽ മാവ് പരത്തിയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്.അത് കൊണ്ടാകണം രാമശ്ശേരി ഇഡ്ഡലി ദോശ പോലെ പരന്നിരിക്കുന്നത്.
മൺവളയങ്ങൾ ഒന്നിനു മുകളിൽ ഒന്നായി വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നു.ഒരു സമയം നാല് ഇഡ്ഡലികൾ വരെ ഇങ്ങനെ വേവിച്ചെടുക്കാം.
ഇഡ്ഡലിക്കൊപ്പമെത്തുന്ന ഉപവിഭവങ്ങളാണ് രാമശ്ശേരി ഇഡ്ഡലിയുടെ മറ്റൊരു പ്രത്യേകത.പാലക്കാടൻ സാമ്പാറും തേങ്ങ ,ഉള്ളി ചട്ട്ണികളും പിന്നെ രാമശ്ശേരി സ്പെഷ്യൽ ഇഡ്ഡലിപ്പൊടിയുമടങ്ങുന്ന ആ രുചിക്കൂട്ട് ഇഡ്ഡലിക്ക് അസാധ്യ സ്വാദ് നൽകുന്നു.അരി,ഉഴുന്ന്,കുരുമുളക്,ജീരകം ,മുളക് തുടങ്ങിയവ വരുത്തരച്ചാണ് സ്പെഷ്യൽ ഇഡ്ഡലിപൊടിയുണ്ടാക്കുന്നത്.
പട്ടണത്തിലെ മറ്റു ഹോട്ടലുകളിലേക്കും വിവാഹം,സൽക്കാരം തുടങ്ങിയ വിശേഷങ്ങൾക്കും രാമശേരിക്കാർ ഇഡ്ഡലിയുണ്ടാക്കി കൊടുക്കുന്നു.കടകളായി രൂപാന്തരം പ്രാപിച്ചിട്ടില്ലെങ്കിലും രാമശേരിയിലെ ഒട്ടുമിക്ക വീടുകളിലും അതിരാവിലെ തന്നെ ഇഡ്ഡലിയുണ്ടാക്കുന്ന ബഹളം തുടങ്ങും...ഇഡ്ഡലിയുടെ പേരിൽ ഒരു ഗ്രാമം അറിയപ്പെടുകയാണ്,അതിന്റെ പെരുമ ഗ്രാമവരമ്പുകൾ കടന്നു പല ദേശങ്ങളിലെത്തി നിൽക്കുന്നു.
ഗ്രാമവാസികളോട് സലാം പറഞ്ഞു കരിമ്പനകളെ സാക്ഷിയാക്കി ഞാൻ മറ്റൊരിതിഹാസഭൂമിയിലേക്കും പിന്നിൽ രാമശേരിയെന്ന ഗ്രാമം ഓർമ്മതൻ ചില്ലു കൂട്ടിലേക്കും അതിവേഗം യാത്രയായി
travel tips
📌
രാമശ്ശേരി ഇഡ്ഡലിക്ക് 7 രൂപയാണ് വില
കുന്നാച്ചി വഴി രാമശ്ശേരിയെത്തിയാൽ ആ വഴി തിരിച്ചു വരാതെ പുതുശേരി വഴി പാലക്കാട്‌ ടൗണിൽ എത്താൻ പറ്റും
രാവിലെ മാത്രമല്ല ,ഉച്ചക്കും വൈകിട്ടും രാത്രിയും രാമശേരിയിൽ ഇഡ്ഡലി ലഭ്യമാണ്
രാമശ്ശേരി സ്പെഷ്യൽ ഇഡ്ഡലി പൊടി മാത്രമായി അവിടുന്ന് വാങ്ങിക്കാൻ കിട്ടും

No comments:

Post a Comment