Monday, 5 August 2019

കുറച്ചു ദിവസം മുമ്പ് ഞാനൊരു യാത്ര പോയി.മാനന്തവാടിയിൽ നിന്ന് തുടങ്ങി,ബാവലി വഴി കർണാടകയിലേക്ക്.കാട്ടിക്കുളം കഴിഞ്ഞാൽ പിന്നെ കാടാണ്.റോഡിനിരുവശവും ആനയും മാനും കാട്ടിയുമൊക്കെ ഇടക്കിടക്ക് പ്രത്യക്ഷപ്പെടും.ഈ വനപാതയിലൂടെ ഒറ്റക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒരു വല്ലാത്ത അനുഭവമാണ്.
വനാതിർത്തി കഴിഞ്ഞു കുറച്ച കൂടെ മുന്നോട്ട് പോയാൽ അന്തർസന്തേ എന്ന സ്ഥലത്തെത്തും.വയനാട്ടിൽ നിന്ന് ഒരുപാട് കർഷകർ ഇവിടെ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നുന്നുണ്ട്,നല്ല വളക്കൂറുള്ള മണ്ണാണ്,തൊഴിലാളികളുടെ വേതനം വളരെ കുറവും.വയനാട്ടിലെ എന്റെ സുഹൃത്തായ രാജു ചേട്ടന്റെ ഇഞ്ചിത്തോട്ടവും ഇവിടെയുണ്ട്.
അന്തർസന്തേയിൽ നിന്ന് കുറച്ചു കൂടി ഉള്ളിലേക്ക്,ചുറ്റും കണ്ണെത്താദൂരത് പറന്നു കിടക്കുന്ന പരുത്തിപ്പാടങ്ങൾ,വലിയൊരു ഇഞ്ചിപ്പാടത്തിനു നടുവിലൂടെയുള്ള ചെറിയ മണ്ണിട്ട റോഡിലൂടെ മുന്നോട്ട് നീങ്ങി.ഇഞ്ചിപ്പാടത്തിനു നടുവിൽ ഷീറ്റ് കൊണ്ടുള്ള ചെറിയൊരു വീട്.അടുത്തെങ്ങും ജനവാസം പോലുമില്ല.
വൈകുന്നേരം രാജു ചേട്ടന്റെ ഒപ്പം അതിന്റെയടുത്തുള്ള ടാർക്ക ഡാമിലേക്ക് പോയി.
കേരളത്തിൽ പെയ്യുന്ന മഴവെള്ളം കബനി നദിയിലൂടെ ഒഴുകി കർണാടകയിൽ എത്തുകയും അവർ അത് ഡാം കെട്ടി(പീച്ചനഹള്ളി ഡാം) തടഞ്ഞു നിർത്തുകയും ചെയ്യുന്നു.ഡാമിൽ സംഭരിച്ചു ബാക്കി വരുന്ന വെള്ളം പൈപ്പ് വഴി കുറച്ചകലെയുള്ള ടാർക്ക എന്ന സ്ഥലത്തെത്തിച്ചു അവിടെ ചെറിയൊരു ഡാം കെട്ടി സംഭരിച്ചു വെക്കുന്നു.കാർഷികാവശ്യങ്ങൾക്ക് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.കർണാടക സർക്കാർ കാർഷിക മേഖലക്ക് നല്ല പിന്തുണ കൊടുക്കുന്നുണ്ട്.
രാത്രി താമസം രാജുവേട്ടന്റെ ഷെഡിൽ.ടാർക്ക ഡാമിൽ നിന്ന് പിടിച്ച
ചെറിയ മീൻ പൊരിച്ചതും പിന്നെ നമ്മുടെ സ്പെഷ്യൽ കോഴിക്കോടൻ ബിരിയാണിയും ഒക്കെയായി രാത്രി ഉഷാറാക്കി.വിജനമായ ആ പാടത്തിന്റെ നടുവിൽ നട്ടപ്പാതിരക്ക് ഒറ്റക്ക് ആകാശോം നോക്കിയിരിക്കുമ്പോൾ നമ്മൾ വേറേതോ ലോകത് എത്തിപ്പെട്ടത് പോലെയാണ്.ശരിക്കും ഒരടിപൊളി അനുഭവം.
പിറ്റേന്ന് രാവിലെ ഹാൻഡ് പോസ്റ്റ് വഴി മൈസൂരിലേക്ക്.മൈസൂർ കൊട്ടാരം ആദ്യമായിട്ട് കാണുകയാണ്.കൊട്ടാരത്തിലേക്ക് കയറുന്നതിനു മുൻപ് നെറ്റിൽ തപ്പി പാലസിനെ പറ്റി നല്ലൊരു ധാരണയുണ്ടാക്കി.ഉള്ളിൽ കയറി ഓരോ കാഴ്ചകൾ കാണുമ്പോഴും കൊട്ടാര ചുമരിൽ തൂക്കിയിട്ട രാജാക്കന്മാരുടെ ചിത്രങ്ങൾക്കടിയിലുള്ള പേരുകൾ വായിക്കുമ്പോഴും ഒരു അപരിചിതത്വം തോന്നിയില്ല.അല്ലെങ്കിലും നമ്മൾ കാണാൻ പോകുന്ന സ്ഥലങ്ങളെ പറ്റി കൃത്യമായ ഒരു ധാരണ ഉണ്ടാകുമ്പോൾ നമുക്ക് കാഴ്ചകൾ നന്നായി ആസ്വദിക്കാൻ പറ്റും.കൊട്ടാരത്തിലെ മാർബിൾ ചുമരുകളിൽ കൈ തലോടി ഒരുപാട് സമയം എടുത്തു കൊട്ടാരം ചുറ്റും നടന്നു കണ്ടു.ഹിന്ദു മുസ്ലിം സങ്കര ശൈലിയിൽ ആണ് കൊട്ടാരത്തിന്റെ രൂപഘടന.ബ്രിട്ടീഷ് ഇന്ത്യയിലെ ആർക്കിടെക്ട് ആയ ഹെൻറി ഇർവിൻ ആണ് കൊട്ടാരം 1912 ഇൽ പണികഴിപ്പിച്ചത്.
പാലസിൽ നിന്ന് നേരെ ചാമുണ്ടി മലയിലേക്ക്.ഈ മലയുടെ മുകളിൽ നിന്ന് മൈസൂർ പട്ടണത്തിന്റെ രാത്രികാല ദൃശ്യം കാണാൻ നല്ല ഭംഗിയാണ്.ചാമുണ്ടിയിൽ എത്തിയപ്പോൾ നാലു മണിയായിട്ടേ ഉണ്ടായിരുന്ന്നുള്ളു.രാത്രിയാകാൻ ഇനിയും സമയമുണ്ട്.ചാമുണ്ടി ക്ഷേത്രത്തിനു അരികിൽ കല്ല് പാകിയ നടവഴിയിലൂടെ കുറച്ചു ദൂരം താഴേക്ക് ഇറങ്ങി.അധികം ആളുകൾ ഒന്നുമില്ല.മരത്തിനടിയിൽ സിമന്റ് തറകൾ,ഇരിപ്പിടങ്ങൾ.
അധികമാരും ഇല്ലാത്ത ഒരു സിമന്റ് തറയിൽ കിടന്നു ചെറുതായൊന്നു മയങ്ങി.ഇരുട്ടിയപ്പോൾ മല കയറി മൈസൂർ പട്ടണത്തിന്റെ രാത്രി കാല ദൃശ്യം മതി വരുവോളം ആസ്വദിച്ചു.കൊട്ടാരം ദീപാലംകൃതമായി തലയെടുപ്പോടെ പട്ടണത്തിന്റെ നടുവിൽ നിൽക്കുന്നു.
രാത്രി താമസത്തിനു റൂമെടുക്കുന്ന കാശ് ലാഭിച്ചാൽ ഒരുപാട് ദൂരം ഇനിയും പോകാം.അത്കൊണ്ട് റൂമെടുക്കാതെ 60 KM ഇപ്പുറമുള്ള അന്തർസന്തേയിലെ രാജുവേട്ടന്റെ ഷെഡിലേക്ക് തിരിച്ചു പൊന്നു.
പിറ്റേന്ന് രാവിലെ സർഗൂർ വഴി ബേഗുർക്ക്.
നല്ല റോഡ്,വാഹനങ്ങൾ തീരെ കുറവ്.ഇരുവശവും കൃഷിപ്പാടങ്ങൾ.പോകുന്ന വഴി ഒരു ഡാം കണ്ടപ്പോൾ വണ്ടി നിർത്തി.കുറച്ച കൂടെ മുന്നോട്ട് പോയപ്പോൾ ഒരു ചെറിയ കാടിനുള്ളിലേക്ക് കടന്നത് പോലെ.റോഡിൽ ഇടക്കിടക്ക് ആനപിണ്ഡം കാണുന്നുണ്ട്,എതിർദിശയിൽ കുറച്ച നേരമായി വണ്ടികളൊന്നും കാണുന്നുമില്ല,ഒറ്റക്കുള്ള യാത്രയിൽ ഇത്തരം അവസരങ്ങളിൽ ചെറിയൊരു പേടിയൊക്കെ തോന്നും.കുറേക്കൂടി മുന്നോട്ട് പോയപ്പോൾ ഒരു ചെറു പട്ടണം കണ്ടു.വഴി തെറ്റിയില്ലെന്നു ഉറപ്പു വരുത്തി നേരെ ബേഗുരിലേക്ക്.ബേഗുർ ൽ നിന്ന് ഗുണ്ടൽപ്പേട്ട ഹൈവേ യിൽ കയറി കുറെ ദൂരം മുന്നോട്ട് പോയി.റോഡിനിരു വശവും സൂര്യകാന്തി പൂക്കൾ വിരിഞ്ഞു കിടക്കുന്നു.അവിടുന്ന് ഊട്ടി റോഡിൽ കയറി ഗോപാലസ്വാമി പേട്ടയിലേക്ക്.മലമുകളിലേക്ക് ബൈക്ക് കടത്തിവിടില്ല.കർണാടക ട്രാൻസ്‌പോർട് ബസ് ഉണ്ട്.20 രൂപ ടിക്കറ്റ്.ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള ഈ ബസ് യാത്ര അതി മനോഹരമാണ്.ഇടക്ക് വഴി തീരെ ചെറുതാകും.ദൂരെ ഗുണ്ടൽപേട്ട പട്ടണം കാണാം.ശനിയാഴ്ച ആയത് കൊണ്ട് തീർത്ഥാടകരുടെ വാൻ തിരക്ക്.പെട്ടെന്ന് പെട്ടെന്ന് മാറിമറിയുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത.എന്നാലും ഒരു തണുത്ത കാറ്റ് സദാസമയം വീശിക്കൊണ്ടിരിക്കും.തീർത്ഥാടകർക്ക് വലിയ ഇലകളിൽ ഭക്ഷണം വിളമ്പുന്നു.
കുന്നിറങ്ങി ഒരു ചായ ഒക്കെ കുടിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു.ഇവിടുത്തെ ചായക്ക് ഒരു പ്രത്യേകതരം രുചിയാണ്,തട്ടുകടക്കാരനോട് രുചിയുടെ രഹസ്യം ചോദിച്ചപ്പോൾ ഒരു ചെറിയ ഡപ്പ കാണിച്ചു തന്നു.ഏലക്കായും ഉണക്ക ഇഞ്ചിയും കുറച്ച പഞ്ചസാരയും നന്നായി പൊടിച്ചു അതിൽ ഇട്ട് വെച്ചിരിക്കുന്നു.
ഊട്ടി ഹൈവേ യിലൂടെ ഒരു ലക്ഷ്യ ബോധവുമില്ലാതെ ബൈക്ക് അങ്ങനെ നീങ്ങുകയാണ്.ഊട്ടിയിലേക്ക് എന്തായാലും പോകുന്നില്ല.ബന്ദിപ്പൂർ കടുവാസങ്കേതം കടന്നു വണ്ടി തമിഴ്നാട് അതിർത്തിയിൽ എത്തി.വരുന്ന വഴിയിൽ റോഡിനു തൊട്ടടുത്തു ഒരേഉപാദ് മാൻ കൂട്ടങ്ങളെ കണ്ടിരുന്നു.ഒറ്റക്കായത് കൊണ്ടും തീരെ പരിചയമില്ലാത്ത സ്ഥലം ആയത് കൊണ്ടും വണ്ടി നിർത്തിയില്ല.കർണാടക അതിർത്തി കഴിഞ്ഞു തമിഴ്നാട് സംസ്ഥാനം തുടങ്ങുന്നത് മുതുമലൈ കടുവ സങ്കേതത്തിലാണ്.ബന്ദിപ്പൂർ പോലെ തന്നെ ചുറ്റും ഇരുണ്ടു കിടക്കുന്ന വനപാത.തനിച്ചായത് കൊണ്ട് ചെറിയൊരു ഭീതി ഉള്ളിൽ ഉണ്ടായെങ്കിലും കാട്ടിലൂടെയുള്ള ഈ യാത്ര ഞാൻ നന്നായി തന്നെ ആസ്വദിച്ചു.മുതുമലൈ കഴിഞ്ഞു ഗുഡാലാർ എത്തി
വലത്തോട്ട് പോയാൽ നാടുഗണി ചുരം വഴി താഴെ നിലംബുരിലേക്കും വയനാട്ടിലേക്കും പോകാം.ഇടത്തോട്ട് പോയാൽ ഊട്ടിയിലേക്കും
നാടുകാണി എത്തിയപ്പോൾ നേരം ഇരുട്ടി തുടങ്ങിയിരുന്നു.ഒറ്റക്കുള്ള രാത്രി യാത്ര അപകടം പിടിച്ചതാണ്,അതും കേരളത്തിന് പുറത്ത്. ഒരു സ്ഥലത്തു.താമസിക്കാൻ റൂമെടുക്കുന്നത് പരിഗണനയിൽ ഇല്ലാത്തത് കൊണ്ട് ചുരമിറങ്ങി നിലമ്പുരിലേക്ക് വിട്ടു.കൂടെപഠിച്ച ഫവാസിന്റെ വീടാണ് ലക്‌ഷ്യം.ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോഴാണ് ഹർത്താൽ വിവരം അറിയുന്നത്,
ഹർത്താൽ ആയത് കൊണ്ട് ബൈക്ക് എടുത്ത് കറങ്ങാൻ പറ്റില്ല,പെട്രോളും കുറവ്.അപ്പോഴാണ് നിലംബൂർ ഷൊർണുർ ട്രെയിൻ റൂട്ടിനെ പറ്റി ഓര്മ വന്നത്.കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത് എന്ന സിനിമ യിൽ കാണിക്കുന്ന മനോഹരമായ റെയിൽവേ സ്റ്റേഷൻ ഈ പാതയിലാണ്.ബൈക്ക് റെയിൽവേ സ്റ്റേഷനിൽ നിർത്തി ഷൊർണുർക്ക് ടിക്കറ്റ് എടുത്തു.20 രൂപ.നിലംബൂർ ഷൊർണുർ ട്രെയിൻ യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനോഹരമാണ്.ഇരുവശവും തേക്കിൻകാടുകൾ.ട്രെയിൻ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ൽ എത്തിയപ്പോൾ അവിടെയിറങ്ങി.ഇരുവശത്തും ആല്മരങ്ങൾ ഒക്കെയായി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ ഒരു കൊച്ചു സുന്ദരി തന്നെയാണ്.ഒരു ചായയൊക്കെ കുടിച്ചു പാലത്തിന്റെ അരികിലൂടെ കുറെ ദൂരം നടന്നു.ഏകദേശം 2 മണിക്കൂറിനു മുകളിൽ അവിടെ ചെലവഴിച്ചു തിരിച്ചു നിലംബുരിൽ എത്തിയപ്പോയേക്കും വൈകുന്നേരം ആയിരുന്നു.ഹർത്താൽ ഏകദേശം അവസാനിച്ച പോലെ,അടുത്ത് കണ്ട പെട്രോൾ പമ്പിൽ നിന്ന് എണ്ണയടിച്ചു നേരെ താമരശേരി പേരാമ്പ്ര വഴി പാലേരിയിലേക്കു,വീട്ടിലേക്കു.....
യാത്ര പോകുമ്പോൾ കൈവശം ആകെയുണ്ടായിരുന്ന 2000 രൂപയിൽ കുറച്ച കാശ് അപ്പോഴും കയ്യിൽ ബാക്കിയുണ്ടായിരുന്നു.

No comments:

Post a Comment