Monday, 5 August 2019

അജ്മീർ കാഴ്ചകൾ
********************************************************
രാജസ്ഥാനിലെ കോട്ടയിൽ നിന്നും അജ്മീരിലേക്കുള്ള യാത്രയിലാണ്.കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന നെൽപ്പാടങ്ങളുടെ നടുവിലൂടെ ട്രെയിൻ കുതിക്കുകയാണ്്.
രാജ സ്ഥാനെ പറ്റി മനസ്സിലുണ്ടായിരുന്ന ചിത്രമെല്ലാം മാറി.വരണ്ടുണങ്ങിയ മരുഭൂമിക്ക് പകരം പച്ചപുതച് കിടക്കുന്ന കൃഷി പാടങ്ങൾ.ഇടക്കിടക്ക് പ്രത്യക്ഷപ്പെടുന്ന തലപ്പാവ് ധരിച്ച കർഷകർ.നിലം കിളക്കുന്ന ട്രാക്ടെരും നെല്ല് മെതിക്കുന്ന യന്ത്രവും അങ്ങിങ്ങായി കാണാം.
തീവണ്ടിയാപ്പീസുകളുടെ പേരുകൾ മാറി,നെൽപ്പാടങ്ങൾ പിന്നിലായി കഴിഞു.ചൂട് കൂടി കൂടി വരികയാണ്. ഇപ്പൊൾ കണ്ണിനു മുന്നിൽ മൺ കൂനകളും കുറ്റി മുൽചെടികളും മാത്രം.
കാഴ്ചകൾ മാറുകയാണ്
ഉത്തരേന്ത്യൻ മണ്ണിലൂടെ ഒറ്റക്കൊരു യാത്ര,എത്ര കാലമായി കൊണ്ട് നടക്കുന്ന ആഗ്രഹമാണ്. ഭാഷ അറിയാതെ,ട്രെയിൻ യാത്രപരിചയം തീരെയില്ലാതെ കേവലം ആറായിരം രൂപയും കൊണ്ട് ഞാൻ ഇതാ ഉത്തരേന്ത്യ കാണാൻ ഇറങ്ങിയിരിക്കുകയാണ്
വയനാട്ടിൽ നിന്നാരംഭിച്ച യാത്ര രാജസ്ഥാനിലെ കോട്ടയും കഴിഞ്ഞ് അജ്മീരിൽ എത്തി നിൽക്കുന്നു.
റിക്ഷ ഡ്രൈവർ മാരുടെ പിടിവലിയിൽ നിന്നു ഒഴിഞ്ഞു മാറി അജ്മീർ ദർഗ ലക്ഷ്യമാക്കി നടന്നു.
ഗാജ ഗരീബ് നവാസ്,
എന്ത് മാത്രം ആളുകളാണ്,ചെരിപ്പ് പുറത്ത് അഴിച്ച് വെച്ച് ദർഗക്ക്‌ ഉള്ളിലേക്ക്,,,
പല വിധം ആചാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ...ദർഗക്കുള്ളിലെ പൂക്കൾ വിതറിയ മാർബിൾ തറയിൽ ഇരുന്നു ഒരു കൂട്ടർ കവാലി പാടുന്നു..
തീർഥാടനത്തിനേക്കാൾ ഉപരി കവാലി കേൾക്കാൻ ആയിരിക്കും കൂടുതൽ പേരും ഇവിടെ എത്തിയിട്ടുണ്ടാകുക...
മാർബിൾ തറയിൽ കവാലി യും ആസ്വദിച്ച് ആൾക്കൂട്ടത്തിനൊപ്പം ഇങ്ങനെ ഇരിക്കുമ്പോ വേറെ ഏതോ ലോകത്ത് എത്തിപ്പെട്ടത് പോലെ.....
ഓരോ നമസ്കാര ശേഷവും കവാലി പാടുന്ന ആളുകൾ മാറുന്നു,,കേൾക്കുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരുന്നു.....
നേരം ഇരുട്ടി തുടങ്ങി,വർണ വെളിച്ചത്തിൽ അജ്മീർ പട്ടണം കുറച്ച് കൂടി സുന്ദരി ആയത് പോലെ.....
അജ്മീർ പട്ടണം കൂടുതൽ പരിചയപ്പെട്ട് വരികയാണ്. ഒരു ടെലിഫോൺ ബൂത്ത് കണ്ടുപിടിക്കണം.ദർഗക്ക്‌ മുന്നിൽ കണ്ട ഒരിടവഴിലൂടെ കയറി കുറച്ച് ദൂരം പോയപ്പോൾ ഒരു ബൂത്ത് കണ്ടു്.
വീട്ടിലേക്ക് വിളിച്ച് വിവരങ്ങൾ പറഞ്ഞു.
അവിടുന്ന് തന്നെ ഒരു ചായ ഓർഡർ ചെയ്തു.നീളം കൂടിയ കട്ടി തീരെ കുറച്ച് ക്ലാസ്സിൽ ചായ എത്തി.നല്ല അടിപൊളി ചായ.
"ഭായ്.,ചായ്‌ സൂപ്പർ ഹെ, ഏക് ഓർ ചായിയെ"
"ശുകരിയാ ദോസ്ത്"
ചായക്കടക്കാരനും ഹാപ്പി.
എന്തൊരു മാറ്റമാണ്!!!
പണ്ട് വയനാട്ടിൽ വെച്ച് അന്യ സംസ്ഥാന വിദ്യാർത്ഥികളെ കണക്ക് പഠിപ്പിച്ചപ്പോൾ കിട്ടിയ കുറച്ച് ഹിന്ദി വാക്കും കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്‌.വഴി ചോദിച്ചു ചോദിച്ച് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തുന്നു.കടക്കാരോട് ഹിന്ദിയിൽ സംസാരിക്കുന്നു.
ആഹാ ഞാൻ ചില്ലറക്കാരനല്ല.
പാതിരാ കഴിഞ്ഞിട്ടും റോഡിൽ തിരക്കൊഴിയുന്ന മട്ടില്ല.അജ്മീരിലെ രാത്രി കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല. ഉറക്കം വരുന്നത് വരെ കാഴ്ചകൾ കണ്ടിങ്ങനെ അലഞ്ഞു തിരിയണം....
********************************************************
റൂമിൽ നിന്ന് 6 മണിക്ക് തന്നെ ഇറങ്ങി,അജ്മീർ ലെ പ്രഭാത കാഴ്ചകൾ കാണണം.ദർഗയിലേക്കുള്ള റോഡിൽ രാത്രിയിൽ ഉണ്ടായ അത്ര തിരക്കില്ല,എങ്കിലും ഇടുങ്ങിയ റോഡ് റിക്ഷക്കാരും ഭിക്ഷക്കാരും കീഴടിക്കിയിരിക്കുകയാൻ.
ലുങ്കി മുണ്ടും ടീ ഷർട്ടും ചുമലിൽ വലിയൊരു ബാഗും ഒക്കെ ഇട്ട് ഇറങ്ങിയത്തിനാലാകും റൂം ഏജൻറ് മാർ പുറകെ തന്നെ കൂടിയിരിക്കുകയാണ്.അവരെ സമർത്ഥമായി ഒഴിവാക്കി ദർഗക്ക് സമീപത്ത് കൂടെ ആനസാഗർ തടാകത്തിലേക്ക് നീങ്ങി.
ഫോൺ നെറ്റ്‌വർക്ക് ഇല്ലാത്തത് കൊണ്ട് മാപ് ഒന്നും വർക്ക് ചെയ്യില്ല.ഒരാളോട് ചോദിച്ചപ്പോൾ രണ്ട് കിലോ മീറ്റർ ദൂരമാണ് പറഞ്ഞത്.
നടക്കാം....
പ്രഭാത കാഴ്ചകൾ നടന്നു തന്നെ കാണണമെല്ലോ......
ഇടവഴികൾ പലവഴികളായി പിരിയുന്നു.കുറച്ച് കൂടെ മുന്നോട്ട് പോയി ഒരു ചെറിയ കുന്നിരങ്ങിയപ്പോൾ കുറച്ച് ദൂരതായി തടാകം കാണാം.
കഴിഞ്ഞ ദിവസം രാത്രി കണ്ട തെരുവ് കച്ചവടക്കാർ കുന്നിന്റെ ഇരു സൈഡ് കളിലുമായി കിടന്നുറങ്ങുന്നുണ്ട്.നിലത്ത് പ്ലാസ്റ്റിക് കവറുകൾ വിരിച്ച് അതിലാൻ കിടത്തം.തൊട്ടടുത്ത് പെണ്ണുങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നു..അന്തരീക്ഷത്തിൽ നിറയെ കഞ്ചാവിന്റെ യും ചന്ധനന്തിരിയുടെയും മണം.
കുന്നിറങ്ങി എത്തിപ്പെട്ടത് തടാകത്തിന്റെ ഇങ്ങേ കരയിലാണ്.ആളുകൾ അവിടെ ഇറങ്ങി കുളിക്കുന്നു.
തടാകം കാണാൻ വരുന്നവർ പോകുന്ന സ്ഥലം കുറെ ദൂരെയാണ്.അങ്ങ് ദൂരെ ഒരു പാർക്കും ചെറിയ ചെറിയ മാർബിൾ കെട്ടിടങ്ങളും കാണാം.അവിടെത്തണം.
ഗസൽ പാട്ടുകൾ ഉറക്കെ വെച്ച് റിക്ഷ വണ്ടികൾ പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ട്,
വേണ്ട ,,,ചെലവ് കുറച്ചുള്ള യാത്രയല്ലെ,
നടക്കാം
തടാകത്തിനു ചുറ്റുമായി ഒരു പട്ടണം പരന്നു കിടക്കുന്നു.ഒരു പാറ തുരന്ന് ഉണ്ടാക്കിയ റോഡിലൂടെ തടാകത്തിന്റെ എതിർ വശത്തേക്ക്
തടാകത്തിന്റെ പ്രധാന കവാടത്തിനറികിൽ എത്തി.പ്രവേശന ഫീസ് ഒന്നുമില.
തടാകത്തിന്റെ അരികിലായി വിശാലമായ ഒരു പാർക് ഉണ്ട്.അതിരാവിലെ ആയതിനാൽ ആളുകൾ കുറവാണ്.എങ്കിലും പ്രഭാത വ്യായാമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ച് പേരെ കാണാം.
ചിലർ പന്ത് കളിക്കുന്നു.ചിലർ മാർബിൾ തറയിൽ വന്നിരിക്കുന്ന പ്രാവുകൾക്ക്‌ ഭക്ഷണം നൽകുന്നുണ്ട്.
എന്ത് മാത്രം പറവകളാണ്,പെട്ടെന്ന് ഒരു ശബ്ദം കേട്ട് പ്രാവുകൾ തടാകത്തിന്റെ മുകളിലൂടെ ആകാശത്തേക്ക് പറന്നു പൊങ്ങി,
ആഹ എന്ത് മനോഹരമായ കാഴ്ച.
ബനിയനും ട്രാക്‌സൂട്ടും ധരിച്ച ചിലർ വട്ടത്തിൽ നിന്ന് കൈ രണ്ടും ഉയർത്തി പൊട്ടി ചിരിക്കുന്നു.കൂട്ടത്തിൽ ഒരാൾ അവർക്ക് ചില നിർദേശങ്ങൾ കൊടുക്കുന്നുണ്ട്.
പലവിധം ചിരികൾ വരുന്നുണ്ട്.കൈകൊട്ടി ചിരി,പൊട്ടിച്ചിരി,ശരീരം മുഴുവൻ കുലുക്കി കൊണ്ടുള്ള കുലുങ്ങി ചിരി...
എന്താലെ,
ഓഫീസ് ചട്ടക്കൂടിൽ ഇരുന്ന് പൊട്ടിച്ചിരിക്കാൻ പറ്റാത്ത ഹതഭാഗ്യർ പണം കൊടുത്ത് അതിരാവിലെ പാർകിൽ വന്നു പൊട്ടിചിരിക്കുന്നു...
വയനാടൻ മലമുകളിൽ ഇരുന്നു മനസ്സറിഞ്ഞ് പൊട്ടിച്ചിരിക്കാൻ ഭാഗ്യം തന്ന പടച്ചോനെ...നിനക്ക് സ്തുതി
കുറച്ചകലെ ഒരു മാർബിൾ തറയിൽ കുറച്ച് പേര് ഇരിക്കുന്നുണ്ട്.ഒരാൾ യോഗയുടെ ചില അഭ്യാസങ്ങൾ കാണിക്കുന്നു.ബാക്കിയുള്ളവർ ഉറക്കെ എന്തോ ശ്ലോകം ചെല്ലുന്നുണ്ട്.കാക്കി ട്രൗസറും ബെൽറ്റും വെള്ള ഷർട്ട് മാണ് വേഷം. ഒരു പൈപ്പിൽ കാവി ക്കൊടി കുത്തി വെച്ചിരിക്കുന്നു.
ഏഹ്,എനി ഇതവരെങ്ങാനും ആയിരിക്കുമോ???!!!!
തടാകത്തിനരികിൽ ചെറിയ ചെറിയ മാർബിൾ സൗതങ്ങൾ.അജ്മീർ ലേ കെട്ടിടങ്ങൾക്ക് മുഴുവൻ ഒരു മാർബിൾ മയമാണ്.
തടാകത്തിന്റെ തൊട്ടടുത്ത് ആരും ഇല്ലാത്ത ഒരു മാർബിൾ തറയിൽ ഞാൻ ഇരുന്ന്.ബാഗ് തുറന്നു ഡയറിയും പേനയും എടുത്തു.പിന്നിട്ട വഴികളിൽ കണ്ട കാഴ്ചകൾ ഡയറിയിൽ ആക്കണം.ചൂട് ശക്തമാക്കുന്നതിന് മുന്‌പു അജ്മീർ നോട് വിട പറയണം.
ജയ്‌പൂരിലെ കാഴ്ചകൾ എന്തെല്ലാമായിരിക്കും ???

No comments:

Post a Comment