പിയോയിലെ ആപ്പിൾ മരങ്ങൾ
******************************
റെക്കോങ് പിയോവിൽ ബസിറങ്ങിയപ്പോൾ അപരിചിതത്വം തീരെ തോന്നിയില്ല.
അല്ലെങ്കിൽ തന്നെ എന്തിന് അപരിചിതത്വം തോന്നണം!?
ഒരു തണുത്ത വെളുപ്പാൻ കാലത്തു പൈൻമരങ്ങൾക്കിടയിൽ ഇങ്ങനെയൊക്കെ ഇറങ്ങി ചെല്ലുമെന്നു മുൻപ് എത്ര തവണ മനസ്സിൽ കണ്ടിരിക്കുന്നു!
കിന്നോരി തൊപ്പിയണിഞ്ഞ പുരുഷൻമാർ, ചൂടുകുപ്പായമിട്ടു ചിരിച്ചു നടക്കുന്ന ചുവന്ന മുഖമുള്ള സുന്ദരിമാർ,എല്ലാം അത് പോലെ തന്നെ !!
കിന്നോരി തൊപ്പിയണിഞ്ഞ പുരുഷൻമാർ, ചൂടുകുപ്പായമിട്ടു ചിരിച്ചു നടക്കുന്ന ചുവന്ന മുഖമുള്ള സുന്ദരിമാർ,എല്ലാം അത് പോലെ തന്നെ !!
ബസ് സ്റ്റാൻഡിനടുത്തുള്ള മരക്കടയിൽ നിന്ന് മാർഗരറ്റ് ആന്റി പകർന്നു നൽകിയ ചൂട് ചായയും കുടിച്ചു പിയോ അങ്ങാടി ഒന്ന് നടന്നു കാണാൻ തീരുമാനിച്ചു. മാർഗരറ്റ് ഞാൻ ഈ അടുത്ത് വായിച്ച നോവലിലെ കഥാപാത്രത്തിന്റെ പേരാണ്. പുതുതായി പരിചയപ്പെടുന്ന ആളുകൾക്ക് കിടിലൻ പേരുകളിടുന്ന കാര്യത്തിൽ ഞാൻ ഇപ്പോൾ അഗ്രകണ്യനാണ്. കൊബായാഷി ടീച്ചറും ഇൻസ്‌പെക്ടർ ജാവറും ജീൻവാൽജീനും മാമൂസും മിസ്സ് പ്രീമുമൊക്കെയായ് എത്രയെത്ര പേരുകൾ !
എല്ലാ സൗകര്യങ്ങളുമുള്ള ചെറിയൊരു ഹിമാലയൻ ഗ്രാമമാണ് പിയോ, സ്പിറ്റിയിലേക്കുള്ള പ്രവേശന കവാടമായും പിയോയെ വിശേഷിപ്പിക്കാം.
അതിരാവിലെ ആയതിനാൽ നല്ല തണുപ്പുണ്ട്. നല്ല തണുപ്പ് എന്ന് പറഞ്ഞപ്പോൾ വീര്യം കുറഞ്ഞു പോയോ എന്നൊരു സംശയം, അസ്ഥിയിൽ തുളഞ്ഞു കയറുന്ന സാക്ഷാൽ ഹിമാലയൻ തണുപ്പ് തന്നെ !.
കഴിഞ്ഞ ദിവസം ബസിൽ കിടന്നുറങ്ങിയ അതേ ട്രൗസറും നേർത്തൊരു ബനിയനുമിട്ടാണ് എന്റെ നടപ്പ് . തണുപ്പ് കാലിനടിയിൽ നിന്ന് മുകളിലേക്ക് തുളഞ്ഞു കയറുന്നു, ഒപ്പം 'ഏതാ ഈ പച്ചപരിഷ്കാരി' എന്ന മട്ടിലുള്ള ഗ്രാമീണരുടെ തുറിച്ചു നോട്ടവും.
ദൂരെ മഞ്ഞു മലകളിൽ സൂര്യപ്രകാശം വീഴുമ്പോൾ ഒരു പ്രത്യേക തരം ചന്തമാണ്, ഒരു സ്വര്ണക്കീറു പ്രത്യക്ഷപ്പെട്ടു നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ മലയുടെ മുകളറ്റം സ്വർണ നിറത്തിൽ വെട്ടി തിളങ്ങുന്നു, ശരിക്കും ഒരു സ്വർണ മല പോലെ തന്നെ !
വർഷങ്ങൾ പഴക്കമുള്ള ഒരു ബുദ്ധ മൊണാസ്ട്രിയാണ് പിയോ യിൽ പ്രധാനമായും കാണാനുള്ളത്. ബുദ്ധ മത വിശ്വാസികളുടെ ആരാധനാലയങ്ങളാണ് മൊണാസ്ട്രികൾ. സ്പിറ്റി വാലിയിൽ ഭൂരിഭാഗവും ബുദ്ധ മത വിശ്വാസികൾ ആയതിനാൽ വരും ദിവസങ്ങളിലും ഈ മൊണാസ്ട്രി എന്ന വാക്ക് നിങ്ങൾക്ക് ഇടക്കിടക്ക് കേൾക്കാം...
പിയോ യിൽ നിന്ന് കിന്നോരീ ഗാനവും ആസ്വദിച്ചു കല്പ ഗ്രാമത്തിലേക്ക് ഇരുപത് മിനിറ്റ് ബസ് യാത്ര.കൽപയിൽ ഇറങ്ങി മൊണാസ്ട്രിയും കണ്ട് റോഖി ഗ്രാമത്തിലേക്ക് ഒരു നടത്തം. പ്രിയ സുഹൃത്ത് ജാബിർ ഇടക്കിടക്ക് പറയാറുള്ളത് പോലെ കിനാവും കണ്ടൊരു നടപ്പ്.......
കൽപയിൽ നിന്നും റോഖിയിലേക്കുള്ള ഗ്രാമപാതയുടെ ഇരുവശവും ആപ്പിൾ മരങ്ങൾ തലയുയർത്തി നിൽക്കുന്നു. പിയോയിലെ ആപ്പിൾ ലോകപ്രശസ്തമാണ് . സെപ്റ്റംബർ ആപ്പിളിന്റെ മാസം കൂടിയാണ് . പച്ചയും ചുവപ്പും നിറത്തിൽ മരതൈകളെ പൊതിഞ്ഞു നിൽക്കുന്ന ആപ്പിൾ കുലകൾ . പാശ്ചാത്തലത്തിൽ കടും നീലയിൽ വെള്ള പഞ്ഞി കെട്ടുകൾ വിതറിയത് പോലെ കിന്നർ കൈലാസ മലനിരകൾ.... ആഹാ, എത്ര മനോഹരമായ കാഴ്ച !
പ്രഭാത ഭക്ഷണം ഒന്നും തന്നെ കഴിക്കാതെയുള്ള നടപ്പാണ്. കയ്യെത്തും ദൂരത്തു ആപ്പിൾ തൂങ്ങിയാടുന്നുണ്ട് .ഗത്യന്തരമില്ലാതെ ആപ്പിൾ തോട്ടത്തിൽ പണിയെടുത്തു കൊണ്ടിരുന്ന ചേച്ചിയോട് ഒരു ആപ്പിൾ ചോദിച്ചു, അവർ വലിയ സന്തോഷത്തോടെ കുറേയധികം ആപ്പിളുകൾ പറിച്ചു ഞങ്ങൾക്ക് എറിഞ്ഞു തന്നു,(ഞങ്ങളോ ??,അതിനുള്ള വിശദീകരണം വഴിയേ തരാം ).
അവരുടെ മുഖത്ത് എന്തോ മഹത്തായ കാര്യം ചെയ്തെന്നുള്ള സന്തോഷം.പിയോയിലെ ആളുകൾ ഇങ്ങനെയാണ്. ആളുകളെ സൽക്കരിക്കുന്ന കാര്യത്തിൽ അവർ ഒരുപടി മുന്നിൽ തന്നെയാണ്.
ദൂരങ്ങൾ താണ്ടി പിയോയിൽ എത്തുന്ന സഞ്ചാരികൾക്ക് അവർ സ്നേഹത്തിന്റെ ആപ്പിൾ ഫലങ്ങൾ എറിഞ്ഞു കൊടുക്കുന്നു,കണ്ണുകൾ പാതിയടച്ചു പതിഞ്ഞ മൂക്കുമായി അവർ എന്തൊക്കെയോ സംസാരിക്കുന്നു, നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്നു..
പിയോയിൽ മാത്രമല്ല സ്പിറ്റി വാലിയിലെ സഞ്ചാരം കഴിയുന്നത് വരെ ആളുകളുടെ ഈ നന്മ മനസ്സ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
അങ്ങനെ ആപ്പിളും തിന്നുള്ള നടപ്പിനിടയിൽ വീണ്ടും വീണ്ടും ആപ്പിളുകൾ ഞങ്ങളെ തേടിയെത്തി ....
കല്പയിൽ നിന്നും റോഖിയിലേക്കുള്ള വഴിയിലാണ് കല്പ സൂയിസൈഡ് പോയിന്റ് ഉള്ളത്.അതുവരെയുണ്ടായിരുന്ന കൗതുകമൊക്കെ അവിടെയെത്തുമ്പോൾ ഒറ്റയടിക്ക് ഭീതിയിലേക്ക് വഴി മാറും.എന്തൊരു ഭീകര താഴ്ചയാണ്..
അങ്ങ് താഴെ ചെറിയ പൊട്ടുകൾ പോലെ ട്രിപ്പർ ലോറികൾ പോകുന്നത് കാണാം.ഇടക്കിടക്ക് മലനിരകളെയാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഉഗ്ര ശബ്ദം കേൾക്കാം,തൊട്ട് പുറകെ വാനിലേക്കുയരുന്ന വെളുത്ത പൊടിധൂമങ്ങളും...
അതേ, ഹിമാലയവും തുരന്നെടുക്കുകയാണ്...
അതേ, ഹിമാലയവും തുരന്നെടുക്കുകയാണ്...
റോഖി ഗ്രാമത്തിലേക്കുള്ള പാതയിലൂടെ കുറച്ചു നേരം കൂടി മുന്നോട് പോയി ഞാൻ പിയോവിലേക്ക് തിരിച്ചു നടന്നു. കൂടെയുള്ളവർ നേരെ റോഖി ഗ്രാമത്തിലേക്കും .
ഇനി കൂടെയുള്ളവരെ പറ്റി പറയാം.... വയനാട്ടിൽ നിന്ന് ഒറ്റക്ക് തുടങ്ങിയ യാത്ര ആയിരുന്നെങ്കിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നിന്നും ഷിംലയിൽ നിന്നും എന്തിനേറെ പിയോ ബസ് സ്റ്റാൻഡിൽ നിന്ന് പോലും പുതിയ പുതിയ മലയാളി സുഹൃത്തുക്കളെ കണ്ട് മുട്ടിയിരുന്നു അതിൽ പലരും യാത്രയുടെ പല ഘട്ടങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു താനും...
പിയോ വിൽ തിരിച്ചെത്തി ചെറിയൊരു ഉച്ച മയക്കം ഒക്കെ കഴിഞ്ഞു വീണ്ടും അങ്ങാടിയിലേക്ക് ഇറങ്ങി. പിയോയിലെ സായാഹ്‌ന കാഴ്ചകൾ ആസ്വദിക്കണം. മാർഗരറ്റ് അമ്മായി രാവിലെ ചായ ഇട്ട് കൊണ്ടിരുന്ന മരക്കടയിൽ ഇരുന്ന് വേറൊരു സ്ത്രീ ആപ്പിൾ വിൽക്കുന്നു.മാർഗരറ്റ് ആന്റിയെയും അവരുടെ കച്ചവട വസ്തുക്കളെയും കാണാനേ ഇല്ല !
അപ്പോൾ ആ മരക്കട ഒരു പൊതു കച്ചവടയിടമാണ് . കച്ചവട വസ്തുക്കളും ആളുകളും മാറി കൊണ്ടേയിരിക്കും.
ബസ് സ്റ്റാൻഡിൽ നിന്ന് കുത്തനെ ഉള്ള പടവുകളിറങ്ങി ഒരു പതിനഞ്ചു മിനുട്ടെങ്കിലും നടന്നാലേ പിയോ പട്ടണത്തിൽ എത്താൻ പറ്റുകയുള്ളു.
പട്ടണവും ബസ് സ്റ്റാൻഡും തമ്മിൽ ഇത്രയും പടവ് ദൂരമുണ്ടെന്ന് സാരം.
പട്ടണവും ബസ് സ്റ്റാൻഡും തമ്മിൽ ഇത്രയും പടവ് ദൂരമുണ്ടെന്ന് സാരം.
പട്ടണത്തിൽ നിറയെ ചെറിയ ചായ കടകളും ധാബകളും നിറഞ്ഞു നിൽക്കുന്നു.എല്ലാ കടകളിലും ആപ്പിൾ നിറച്ചു വെച്ച പെട്ടികളും കാണാം.
ഡോൽമ കിച്ചൺ, സഞ്ജു കിച്ചൻ, മായ കിച്ചൺ ,.. അങ്ങനെ എത്രയെത്ര കിച്ചണുകൾ
ആപ്പിളും കടിച്ചു ചുവന്ന മുഖവുമായി പട്ടണത്തിലൂടെ നടന്നു നീങ്ങുന്ന സ്കൂൾ കുട്ടികൾ, ചായക്കടകളുടെ മുന്നിലെ വലിയ എണ്ണ പാത്രത്തിൽ മധുര പലഹാരങ്ങൾ ഉണ്ടാക്കുന്ന ഡോൾമയാന്റിമാർ, കാക്കി വസ്ത്രത്തിനു മുകളിൽ ചൂടു കുപ്പായവുമിട്ട് പട്ടണത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുന്ന ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് സേനാംഗങ്ങൾ, ഈ ദൈന്യംദിന കാഴ്ചകൾക്ക് ഒക്കെ ദൃസാക്ഷിയായി ഇരുട്ടിനെ വിഴുങ്ങാനൊരുങ്ങി നിൽക്കുന്ന കിന്നർ കൈലാസ മല നിരകൾ...
പിയോ യിലെ സായാഹ്‌ന കാഴ്ചകൾ അവസാനിക്കുന്നില്ല.
അങ്ങാടിയിലെ കറക്കം കഴിഞ്ഞു കുത്തനെയുള്ള പടവുകൾ കയറി വീണ്ടും ബസ് സ്റ്റാൻഡ് പരിസരത്തേക്ക്. മാർഗരറ്റ് ആന്റിയുടെ മരക്കടയിൽ ഇപ്പോൾ ഒരു അമ്മൂമ്മ സ്ഥാനം പിടിച്ചിരിക്കുന്നു. മാംസം അരച്ചുണക്കി ഒരു മാല പോലെയാക്കി അതിൽ നിന്ന് ചെറിയ ഭാഗം മുറിച്ചു എണ്ണയിൽ പൊരിച്ചെടുത്തു കൊടുക്കുന്ന കച്ചവടമാണ്. അമ്മൂമ്മയുടെ മാംസ പലഹാരം കഴിക്കാൻ ആണുങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. പുരുഷന്മാരേക്കാൾ കിന്നോരീ സ്ത്രീകളാണ് കൂടുതൽ അദ്ധ്വാന ശീലരെന്നു എനിക്ക് ഈ ദിവസത്തിനിടയിൽ പലപ്പോഴായി തോന്നിയിട്ടുണ്ട്.
പിയോയിലെ സംഭവ ബഹുലമായ ഒരു ദിവസം അങ്ങനെ അവസാനിക്കുകയാണ്. കാഴ്ചകളുടെ പുതിയൊരു പിയോ വസന്തം തേടി മറ്റൊരു സഞ്ചാരി നാളെ പുലർച്ചെ ഇവിടെ ബസിറങ്ങുമായിരുക്കും . ആ സ്വപ്ന വാഹനത്തിൽ കയറി എനിക്ക് നാളെ ടാബോ മൊണാസ്ട്രിയിലേക്ക് യാത്രയാകണം




No comments:
Post a Comment